ന്യൂഡല്‍ഹി: ഒപ്പം വനിതാപൈലറ്റ് ഇല്ലെങ്കില്‍ വിമാനം പറത്തില്ലെന്നു വാശിപിടിച്ച പുരുഷ പൈലറ്റിനെതിരേ എയര്‍ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു. കോ-പൈലറ്റ് വനിതയല്ല എന്ന കാരണത്താല്‍ 110 യാത്രക്കാരുമായി ചെന്നൈയില്‍ നിന്നു തിരുവനന്തപുരം വഴി മാലിയിലേക്കു പോകേണ്ട എഐ 263 വിമാനം പറത്താന്‍ പൈലറ്റ് വിസമ്മതിച്ചതിനെ തുടര്‍ന്നു വിമാനം രണ്ടുമണിക്കൂര്‍ വൈകി. അവസാനം മറ്റൊരു പൈലറ്റ് എത്തിയ ശേഷമാണു വിമാനം മാലിയിലേക്കു പുറപ്പെട്ടത്.
അന്വേഷണത്തില്‍ പൈലറ്റ് കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ ഉടന്‍ നടപടിയെടുക്കുമെന്ന് എയര്‍ഇന്ത്യ ഡയറക്ടര്‍ അശ്വാനി ലോഹാനി അറിയിച്ചു.