ചവറ: ചവറ പോലീസ് സ്‌റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളിനെ മദ്യലഹരിയിലായിരുന്ന യുവാക്കള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഞരമ്പിന് മുറിവേറ്റ പോലീസുകാരി ഷക്കീലയെ (38) കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ചവറ പാലത്തിന് സമീപമുള്ള വ്യക്തിയുടെ വീട്ടില്‍ പെയിന്റിംഗ് തൊഴിലാളികളായ നാല് വൈപ്പിന്‍ സ്വദേശികള്‍ കൂലിയെ ചൊല്ലി വീട്ടുടമസ്ഥനുമായി വാക്കേറ്റം ഉണ്ടായി. ഇതിനെ തുടര്‍ന്ന് പോലീസ് എത്തി ഇവരെ കസ്റ്റഡിയില്‍ എടുത്ത് സ്‌റ്റേഷനില്‍ കൊണ്ടുവന്നു.
സ്‌റ്റേഷനില്‍ നിന്നും ഷാരോണ്‍, വിജീഷ് എന്നിവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഷക്കീല ഇവരെ തടയാന്‍ ശ്രമിച്ചു. ഇതിനിടെ യുവാക്കള്‍ക്കള്‍ സ്‌റ്റേഷനിലെ ടേബിളില്‍ ഉണ്ടായിരുന്ന ഗ്ലാസ് ഉപയോഗിച്ച് മുറിവേല്പ്പിക്കുകയായിരുന്നു. ഇരു കൈകളിലേയും ഞരമ്പിന് മുറിവേറ്റ ഷക്കീലയെ സര്‍ജറിയ്ക്ക് വിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഷാരോണ്‍, വിജീഷ് എന്നിവരെ ചവറ പോലീസ് അറസ്റ്റ് ചെയ്തു.