കൊല്ലം: പതിനാല് വയസുകാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് 69 വര്ഷം കഠിന തടവിനും 3,60,000 രൂപ പിഴയും ശിക്ഷിച്ച് കോടതി.
2018 ഓഗസ്റ്റ് മാസം നടന്ന ലൈംഗിക അതിക്രമത്തിനാണ് മങ്ങാട് വില്ലേജില് പാരഡൈസ് നഗര് 39 ല് പുന്നമൂട്ടില് പുത്തന് വീട്ടില് സനില് (35) ന് കിളികൊല്ലൂര് പോലീസ് രജിസ്റ്റര് ചെയ്ത പോക്സോ കേസിലാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല് കോടതി ജഡ്ജി എ.സമീര് ഈ ശിക്ഷ വിധിച്ചത്.
അതിജീവത പഠിക്കുന്ന സ്കൂളിലെ കൗണ്സിലര് കൗൺസിലിംഗ് നടത്തുമ്പോഴാണ് കുട്ടി കാര്യങ്ങള് വെളിപ്പെടുത്തിയത്. തുടര്ന്ന് ചൈല്ഡ് ലൈനില്നിന്നു വിവരം സ്റ്റേഷനില് അറിയിക്കുകയും കിളികൊല്ലൂര് പോലീസ് ഇന്സ്പെക്ടര് ആര്. വിനോദ് ചന്ദ്രന് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തി ഇന്സ്പെക്ടര് ഡി. ഷിബുകുമാര് കുറ്റപത്രം സമര്പ്പിക്കുകയായിരുന്നു.
പ്രോസിക്യൂഷന് ഭാഗത്ത് നിന്നും 17 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകള് കോടതി മുമ്പാകെ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷല് പബ്ലിക് പ്രോസിക്യൂട്ടര് എന്.സി. പ്രേമചന്ദ്രന് ഹാജരായി. എഎസ്ഐ മഞ്ജു ആണ് പ്രോസിക്യൂഷന് നടപടികള് ഏകീകരിച്ചത്.

