എടക്കര: ബാങ്ക് ജീവനക്കാരിയായ ഭാര്യയ്ക്ക് മരുന്നുമായെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ബാങ്കില്‍ ഡ്യൂട്ടിയുള്ള പോലീസുകാരനും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സതേടി. എടക്കര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ചക്കിപ്പറമ്പന്‍ ഉമ്മര്‍(37), സിപിഎം ഉപ്പട മലച്ചി ബ്രാഞ്ച് സെക്രട്ടറി തോട്ടത്തില്‍ ഷെമീര്‍(33) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഉമ്മര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും ഷെമീര്‍ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. എസ്ബിടിയുടെ എടക്കര ബ്രാഞ്ചില്‍ ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് സംഭവം. ഷെമീറിന്റെ ഭാര്യ എസ്ബിടി എടക്കര ബ്രാഞ്ചിലെ ജീവനക്കാരിയാണ്. ഉച്ചയോടെ മരുന്നുമായെത്തിയ ഷെമീറിനെ വാച്ച്മാന് ബാങ്കിലേക്ക് കടക്കാന്‍ അനുവദിച്ചു. എന്നാല്‍ ഈ സമയമെത്തിയ പോലീ സുകാരന് ഉമ്മര്‍ ഇയാളെ തടയുകയായിരുന്നു. ബാങ്ക് ഇടപാടിനല്ല, ഭാര്യക്ക് മരുന്ന് നല്കാനെത്തിയതാണെന്നു ഷെമീര്‍ അറിയിച്ചിട്ടും പോലീസുകാരന് ഇയാളെ കടത്തിവിട്ടില്ല. ടോക്കണെടുത്ത് ക്യൂ നില്‍ക്കാനാണ് ഉമ്മര്‍ ആവശ്യപ്പെട്ടത്. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.
കയ്യിലുണ്ടായിരുന്ന എന്തോ ഉപകരണം കൊണ്ട് ഷെമീര്‍ തലക്കടിച്ച് പരിക്കേല്‍പ്പിച്ചുവെന്ന് ഉമ്മര്‍ പറയുന്നു. എന്നാല്‍ 2010–ല്‍ നിലമ്പൂരില്‍ നടന്ന അടിപിടിക്കേസില്‍ ഇടപെട്ടതിന്റെ വൈരാഗ്യമാണ് ബാങ്കിലുണ്ടായ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഷെമീര്‍ പറഞ്ഞു. പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍, ആക്രമണം, അസഭ്യം പറയല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഷെമീറിനെതിരെ എടക്കര പോലീസ് കേസെടുത്തു.