കുട്ടമ്പുഴ: കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ശല്യം കുട്ടമ്പുഴ പഞ്ചായത്തില്‍ ജനജീവിതത്തിനും കൃഷിക്കും ഭീഷണിയാകുന്നു. വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന വിവിധ പ്രദേശങ്ങളില്‍ രാപകല്‍ ഭേദമില്ലാതെ വന്യജീവികള്‍ ഇറങ്ങുന്നതു ജനങ്ങളുടെ സൈ്വരജീവിതം തകര്‍ക്കുകയാണ്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള നിരവധിപേര്‍ കാട്ടാനയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് വീട്ടമ്മയും കൊച്ചുമകളും അദ്ഭുതകരമായി രക്ഷപ്പെട്ടത്. വനാതിര്‍ത്തികളിലുള്ള ഗ്രാമങ്ങളില്‍ നിരന്തരമായി കാട്ടാന, രാജവെമ്പാല, കുരങ്ങ്, കാട്ടുപന്നി, പക്ഷികള്‍ തുടങ്ങിയവ കൂട്ടമായെത്തി കൃഷിനാശം വരുത്തുന്നതുമൂലം കര്‍ഷകരും ദുരിതത്തിലാണ്.
കുറ്റിയാംചാല്‍, കുട്ടമ്പുഴ ടൗണിനു സമീപത്തെ ഉരുളന്‍തണ്ണി റോഡ് എന്നിവിടങ്ങളില്‍ സ്കൂളുകള്‍ക്കു സമീപം പകല്‍ സമയത്തു പോലും കാട്ടാനക്കൂട്ടം എത്തുന്നുണ്ട്. കുറ്റിയാംചാല്‍, കൂവപ്പാറ, ഞായപ്പിള്ളി, തട്ടേക്കാട്, കൂറ്റാമ്പാറ, മണികണ്ഠന്‍ചാല്‍, കല്ലേലിമേട്, വടാട്ടുപാറ, മാമലക്കണ്ടം എന്നീ പ്രദേശങ്ങള്‍ കാട്ടാനകളുടെ വിഹാര സ്ഥലമായി മാറിയിരിക്കുകയാണ്. കാട്ടാനക്കൂട്ടം പുരയിടങ്ങളില്‍ തമ്പടിച്ച് കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതുമൂലം കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളില്‍ എത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്.
മാമലക്കണ്ടം-ഉരുളന്‍തണ്ണി റോഡില്‍ ഇരുചക്ര വാഹനങ്ങളിലും ഓട്ടോറിക്ഷയിലും സഞ്ചരിക്കുന്നവര്‍ പലപ്പോഴും കാട്ടാനയുടെ മുന്നില്‍ നിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. വനാതിര്‍ത്തിയില്‍ സൗരോര്‍ജ വൈദ്യുതി വേലി സ്ഥാപിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്നു നാട്ടുകാര്‍ പറഞ്ഞു. വന്യജീവികളുടെ ശല്യം മൂലമുണ്ടാകുന്ന കൃഷിനാശത്തിനു കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ വനംവകുപ്പും പഞ്ചായത്ത് അധികാരികളും നടപടിയെടുത്തില്ലെങ്കില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.