കാട്ടാക്കട: നഗരത്തിലെ ഒരു സ്കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് ഡോക്യുമെന്ററി ഫിലിം എടുക്കാന്‍ സാമ്പത്തികമായി സഹായിക്കാമെന്ന് പറഞ്ഞ് തന്റെ വീട്ടിലെത്തിക്കുകയും അവരെ ശല്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതിന് യുവതിയെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. വീരണകാവ് സ്വദേശിനി സന്ധ്യ(27) യെയാണ് അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നത്: സന്ധ്യ ഒരു ഫാഷന്‍ ഡിസെനറാണ്. സ്ഥിരമായി സ്കൂള്‍ പരിസരത്ത് വന്നു നില്ക്കുമായിരുന്ന ഇവരുമായി സ്കൂളിലെ വിദ്യാര്‍ഥിനികള്‍ പരിചയത്തിലായി. കുട്ടികള്‍ക്ക് ഡോക്യുമെന്ററി എടുക്കാന്‍ താത്പര്യമുണ്ടെന്നും അതിന് പണമില്ലെന്നും വിദ്യാര്‍ഥിനികള്‍ ഇവരോട് പറഞ്ഞിരുന്നു. ഡോക്യുമെന്ററി എടുക്കാന്‍ വേണ്ട ഒന്നര ലക്ഷം രൂപ താന്‍ തന്ന് സഹായിക്കാമെന്ന് സന്ധ്യ കുട്ടികളോട് പറഞ്ഞു.
തന്റെ വീട്ടില്‍ വന്നാല്‍ പണം തരാമെന്നും പറഞ്ഞു. ഇതില്‍ വശംവദരായ മൂന്ന് കൂട്ടികള്‍ ഇന്നലെ ഇവരോടൊപ്പം വീരണകാവിലെ വീട്ടില്‍ എത്തി. വീട്ടിലെത്തിയ സന്ധ്യ ഇവരെ ബിയര്കുടിക്കാന് ക്ഷണിച്ചു. എന്നാല്‍ കുട്ടികള്‍ വിസമ്മതിച്ചു. ഇതിനിടെ ഒരു പെണ്‍കുട്ടിയ്ക്ക് സന്ധ്യ ബിയര്‍ നല്കി.
പെണ്‍കുട്ടികള്‍ വിവരം സമീപ വാസികളെ അറിയിച്ചു. നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസെത്തി ഇവരെ സ്റ്റേഷനില്‍ എത്തിച്ചു. പോലീസ് കുട്ടികളുടെ ബന്ധുക്കളെ വരുത്തി അവരെ വിട്ടയച്ചു. സന്ധ്യയെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കാന്‍ പ്രേരണ ചെലുത്തിയ കുറ്റമാണ് ഇവരില്‍ ചുമത്തിയിരിക്കുന്നത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.