തിരുവനന്തപുരം: പത്ത് വര്‍ഷംകൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. കേരളത്തെ മദ്യവിമുക്തമാക്കും എന്നാണ് പ്രകടന പത്രികയിലെ പ്രഖ്യാപനം. പൂട്ടിയ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാര്‍ ഹോട്ടലുകള്‍ ഫൈവ് സ്റ്റാര്‍ ആക്കി ഉയര്‍ത്തിയാല്‍ ബാര്‍ ലൈസന്‍സ് നല്‍കില്ല. കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന പുതിയ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നതിന് കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവരുമെന്നും മദ്യനയത്തിലെ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്.
എല്ലാവര്‍ക്കും വീട്, ഭക്ഷണം, ആരോഗ്യം എന്ന വാഗ്ദാനമാണ് പ്രകടന പത്രികയിലെ മറ്റൊരു ആകര്‍ഷണം. എപിഎല്‍ വിഭാഗത്തിന് നിലവില്‍ എട്ട് രൂപയ്ക്ക് നല്‍കുന്ന അരി ഏഴ് രൂപയ്ക്ക് നല്‍കും. കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ ലഭ്യമാക്കും. എയര്‍ കേരള പദ്ധതിയും തിരുവനന്തപുരം-കാസര്‍ഗോഡ് ജലപാതയും യാഥാര്‍ഥ്യമാക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.
പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ യുഡിഎഫിന്റെ വെബ്‌സൈറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്ക് പുറമേ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മറ്റ് ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. യുഡിഎഫ് സെക്രട്ടറിയായി ജോണി നെല്ലൂരിനെ രാവിലെ ചേര്‍ന്ന യോഗം തെരഞ്ഞെടുത്തു.