വഴിമുട്ടിയത് ജനം! കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം നടന്നത് വൃത്തികെട്ട ഭരണമെന്ന് സുരേഷ്‌ഗോപി എംപി; സുരേഷ്‌ഗോപിയെ കാത്ത് ജനം ചുട്ടുപൊള്ളുന്ന വെയിലേറ്റത് ആറു മണിക്കൂര്‍

Sureshചാരുംമൂട്: കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷംനടന്നത് ജനങ്ങളുടെ സദാചാരബോധത്തെപോലും ചോദ്യം ചെയ്ത ഏറ്റവും വൃത്തികെട്ട ഭരണമായിരുന്നെന്ന് നടനും രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി. ചാരുംമൂട്ടില്‍ മാവേലിക്കര മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പി.എം. വേലായുധന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എന്‍ഡിഎ ജനങ്ങള്‍ക്കു നല്‍കുന്നതു വെറും വാക്കിലുള്ള വാഗ്ദാനമല്ല മറിച്ച് പ്രവൃത്തിയാണ്. നരേന്ദ്രമോദിയെ ശത്രു പക്ഷത്തു നിര്‍ത്തി നേട്ടം കൊയ്യാമെന്ന ഇടതു-വലതു മുന്നണികളുടെ കളി ഇവിടെ നടക്കില്ലന്നും എന്‍ഡിഎ വന്നാല്‍ ഒരു അസന്തുലിതാവസ്ഥയും ഉണ്ടാകില്ലന്നും സുരേഷ് ഗോപി പറഞ്ഞു. മണികുട്ടന്‍ വെട്ടിയര്‍ അധ്യക്ഷത വഹിച്ചു. ബി. സത്യപാല്‍, അഡ്വ. ടി.ഒ. നൗഷാദ്, പി.എം. വേലായുധന്‍, അഡ്വ. ആശാരാജ്, കെ.ജി. കര്‍ത്താ, ജസ്റ്റിന്‍ രാജ്, അനില്‍ വള്ളികുന്നം, സുഷമാനായര്‍, അഡ്വ. കെ.കെ. അനൂപ്, ഉണ്ണികൃഷ്ണന്‍, മധു ചുനക്കര എന്നിവര്‍ പ്രസംഗിച്ചു.

സുരേഷ്‌ഗോപിയെ കാത്ത് ജനം ചുട്ടുപൊള്ളുന്ന വെയിലേറ്റത് ആറു മണിക്കൂര്‍

ചാരുംമൂട്: മാവേലിക്കര മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പി.എം. വേലായുധന്റെ തെരഞ്ഞെടുപ്പ് യോഗത്തിലേക്കു നടനും രാജ്യസഭാ എംപി യുമായ സുരേഷ് ഗോപിയുടെ വരവും കാത്ത് പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും ചുട്ടുപൊള്ളുന്ന വെയിലില്‍ ആറുമണിക്കൂര്‍ വെന്തുരുകി. ഇന്നലെ രാവിലെ എട്ടിനു സുരേഷ്‌ഗോപി എത്തുമെന്നു തെരഞ്ഞെടുപ്പ് സംഘടക സമിതി അറിയിച്ചതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും രാവിലെതന്നെ ചാരുംമൂട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു തെക്കുവശം സജ്ജമാക്കിയ വേദിക്കു മുമ്പില്‍ എത്തിയിരുന്നു.

വേദിക്കു മുമ്പില്‍ കസേരയിട്ട് ഇരിപ്പിടം ക്രമീകരിച്ചിരുന്നെങ്കിലും രാവിലെ തന്നെ വെയിലിന്റെ തീവ്രത കൂടിയതോടെ പലരും കസേരയില്‍ ഇരിക്കാന്‍ കഴിയാതെ  പുറത്തേക്കിറങ്ങി.    ഇതിനിടയില്‍ പ്രവര്‍ത്തകര്‍ക്കു വെള്ളവും ബ്രഡും നല്കി തണുപ്പിക്കാന്‍ സംഘാടകര്‍ ശ്രമിച്ചു. കൂടാതെ കുടയും തൊപ്പികളും പഴയ ന്യൂസ് പേപ്പറുകളും തലയില്‍ ചൂടാന്‍ വിതരണം ചെയ്തു. എന്നിട്ടും വെയിലിന്റെ കാഠിന്യത്തെ തടയാന്‍ കഴിഞ്ഞില്ല.

ഇതിനിടയില്‍ ചില പെണ്‍കുട്ടികളും മുതിര്‍ന്നവരും കുഴഞ്ഞു തളര്‍ന്നതിനെ തുടര്‍ന്നു ഇവരെ പരിസരങ്ങളിലെ വീടുകളിലേക്കു മാറ്റി. നേതാക്കള്‍ മാറി മാറി പ്രസംഗിച്ചു സമയം തള്ളിനീക്കി. ഒടുവില്‍ ആറുമണിക്കൂര്‍ കഴിഞ്ഞ് ഉച്ചയ്ക്കു ഒന്നിനുശേഷമാണ് സുരേഷ്‌ഗോപി എംപി വേദിയിലെത്തിയത്. പത്തു മിനിറ്റ് സംസാരിച്ചശേഷം അദ്ദേഹം വേദിവിട്ടു. ഇതിനിടയില്‍ വേദിയില്‍വച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ സുരേഷ്‌ഗോപി കൈകൊണ്ട് ബലമായി തട്ടിമാറ്റി. എന്നിട്ടു ഇതു ശരിയല്ലന്ന് പ്രതികരിച്ചു.

Related posts