മുണ്ടക്കയം: പൂഞ്ഞാര്‍ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എം.ആര്. ഉല്ലാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായെത്തിയ രാജ്യസഭാ അംഗം സുരേഷ് ഗോപിക്ക് വഴിതെറ്റി. എന്നാല്‍ നേരായ ദിശ പറഞ്ഞുകൊടുക്കുവാനോ, സിഗ്നല്‍ നല്കുവാനോ കഴിയാതെ നേതൃത്വം മണിക്കൂറുകളോളം വലഞ്ഞു.
രാവിലെ എട്ടിന് ഏന്തയാര്‍ മര്‍ഫി സ്കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം എത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ സുരേഷ് ഗോപിക്കു ദിശയറിയാനാവാതെ തിരികെ പോവേണ്ടി വന്നു. രാവിലെ ഏഴുമുതല്‍ സുരേഷ്ഗോപിയെ കാണാന്‍ വിവിധ സ്ഥാലങ്ങളില്‍ നിന്നു നിരവധി പേര് എത്തിയിരുന്നു.
കാസര്‍ഗോഡു നിന്നു രാവിലെ പുറപ്പെട്ടുവെന്ന വിവരം ലഭിച്ചതായി പ്രദേശിക നേതാക്കന്മാര് പ്രവര്‍ത്തകരോട് പറഞ്ഞു. തുടര്‍ന്ന് സുരേഷ് ഗോപി ഒരുമണിക്കൂര്‍ വൈകുമെന്നു പ്രചാ രണമുണ്ടായിരുന്നു. എന്നാല്‍ 9.10ന് ഹെലികോപ്റ്റര്‍ ടൗണിന് എതിര്‍വശത്ത് വാഗമണ്‍ മലമുകളില്‍ എത്തിയതോടെ ആര്‍പ്പുവിളിയും കയ്യടിയും ഉയര്‍ന്നു. സുരേഷ് ഗോപിയിതാ റബറിന്റെ മണ്ണായ ഏന്തയാറിന്റെ മണ്ണില്‍ പറന്നിറങ്ങുന്നുവെന്ന അനൗണ്‍സ്മെന്റു കൂടിയായപ്പോള്‍ പ്രവര്‍ത്തകര്‍ ആവേശത്തിലാവുകയായിരുന്നു.
എന്നാല്‍ നിമിഷങ്ങള്‍ മാത്രമായിരുന്നു ഈ ആവേശത്തിന്റ അയുസ്. ഹെലികോപ്റ്റര്‍ പറന്നകന്നതോടെ പ്രവര്‍ത്തകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. നിമിഷങ്ങള്‍ക്കകം അടുത്ത അറിയിപ്പുമായി സംഘാടകര്‍ എത്തി. ഹെലികോപ്റ്ററില്‍ ഇന്ധനം നിറയ്ക്കുന്നതിനും സുരേഷ് ഗോപി പ്രഭാത ഭക്ഷണം കഴിക്കുന്നതിനുമായി എറണാകുളത്തേക്കു തിരിച്ചെന്നും ഉടന്‍ എത്തുമെന്നുമായിരുന്നു അറിയിപ്പ്. സുരേഷ് ഗോപിക്കായി ഏന്തയാറ്റിലെ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ പ്രഭാത ഭക്ഷണം തയാറാക്കിയിരുന്നു. ഇതോടെ ഇവരും നിരാശരായി.
പത്തുമണിയോടെ എറണാകുളത്തുനിന്നു തിരിച്ച ഹെലികോപ്റ്റര്‍ 15 മിനിട്ടിനുളളില്‍ എത്തുമെന്ന് കാത്തു നിന്നവരെ നേതാക്കന്മാര് അറിയിച്ചു. എന്നാല്‍ വീ ണ്ടും നിരാശരാക്കി അടുത്ത അറിയിപ്പു വന്നു, ദിശമാറിയ ഹെലികോപ്റ്റര്‍ മണിമലയ്ക്ക് സമീപം കരിക്കാട്ടൂരില്‍ ഇറങ്ങിയെന്നത്.
പിന്നീട് അവിടെനിന്നു ഉയരുന്ന ഹെലികോപ്റ്റര്‍ ഏന്തയാര്‍ ഗ്രൗണ്ട് അറിയിക്കാനായി സംഘാടകര്‍ ഗൗണ്ടിനു ഒരു വശത്ത് ടയര്‍, കാര്‍ഡ്ബോര്‍ഡ് എന്നിവകൊണ്ട് തീയിട്ടു പുകയുണ്ടാക്കിയെങ്കിലും പുക ഗ്രൗണ്ടില്‍ പരന്നതല്ലാതെ മുകളിലേക്ക് ഉയര്‍ന്നില്ല. തുടര്‍ന്ന് ഹൈഡ്രജന്‍ ബലൂണില്‍ ബിജെപിയുടെ ഷാള്‍കെട്ടി ഉയര്‍ത്തിയെങ്കിലും ഈ ശ്രമവും പാഴായി. മണിക്കൂറുകള്‍ക്ക് ശേഷം മുണ്ടക്കയം ടൗണിനുമുകളിലൂടെ പറന്ന ഹെലികോപ്റ്റര്‍ ഹെലിപാഡ് കണ്ടെത്താനാവാതെ വീണ്ടും എറണാകുളത്തേക്കു തിരികെ പോവുകയായിരുന്നു.
പിന്നീട് സുരേഷ് ഗോപി വരുമെന്നും ഇല്ലെന്നുമുളള പ്രചരണം ഉണ്ടായതോടെ കടുത്ത വെയിലില്‍ കാത്തുനിന്നവരില്‍ പലരും തിരികെ പോവുകയും പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. 1.25ന് അടുത്ത അറിയിപ്പുമായി സംഘാടകര്‍ എത്തി: പതിനഞ്ചുമിനിട്ടിനുളളില് സുരേഷ് ഗോപിയെത്തും എറണാകുളത്തു നിന്നും തിരിച്ചിട്ടുണ്ട്. 1.42ന് ഹെലികോപ്റ്റര്‍ ഏന്തയാര്‍ ടൗണിനു വട്ടമിട്ടു പറന്നിറങ്ങി. സുരേഷ് ഗോപി വൈകിയതോടെ സംഭവം സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു.