‘വാടാത്ത പൂക്കളു”മായിഒമ്പതാം ക്ലാസുകാരി

EKM-NINECLASSകാലടി: ഒന്‍പതാം ക്ലാസിലെ കൊച്ചു മിടുക്കി ആയിഷ ഫൗസിക്കിന്റെ ആദ്യ കവിതാ സമാഹാരം ‘വാടാത്ത പൂക്കള്‍’ കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ടി.പി. രവീന്ദ്രന്‍ എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്‍. സുരേന്ദ്രനു നല്‍കി  പ്രകാശനം ചെയ്തു. സ്കൂള്‍ സാഹിത്യസമാജം ഉദ്ഘാടനവും രജിസ്ട്രാര്‍ നിര്‍വഹിച്ചു. കാലടി സെന്റ് ജോസഫ്‌സ് കോണ്‍വന്റ് ഗേള്‍സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഫ്രൂഡന്‍സ് അധ്യക്ഷത വഹിച്ചു.

കാലടി ചെങ്ങല്‍ സെന്റ് ജോസഫ്‌സ് കോണ്‍വന്റ് ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായ ആയിഷ മൂന്നാം ക്ലാസു മുതല്‍ എഴുതിയ അഞ്ഞൂറോളം കവിതകളില്‍ നിന്നും തെരഞ്ഞെടുത്ത 72 കവിതകളാണ് വാടാത്ത പൂക്കളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത പാരമ്പര്യവൈദ്യനായിരുന്ന പരേതനായ കാലടി കടുക്കാപ്പിളളില്‍ വീട്ടില്‍ അഹമ്മദ് വൈദ്യന്റെ ചെറുമകളും മുഹമ്മദ് ഫൗസിക്കിന്റേയും ആമിനയുടേയും മകളുമാണ് ആയിഷ. അഹമ്മദലി, മുഹമ്മദലി എന്നിവരാണ് സഹോദരങ്ങള്‍. സ്കൂളിലെ സാഹിത്യപ്രതിഭാപുരസ്കാരവും, നായരമ്പലം ആര്‍ട്ടിസ്റ്റ് വെല്‍ഫയര്‍ അസോസിയേഷന്റെ കവിതാപുരസ്കാരവും നേരത്തെ ആയിഷയ്ക്ക് ലഭിച്ചിട്ടുണ്ട്.

കാലടി എസ്എന്‍ഡിപി ലൈബ്രറിയില്‍ 410 ആഴ്ചകളായി നടന്നുവരുന്ന ബുധസംഗമം പ്രതിവാര സാംസ്കാരികകൂട്ടായ്മയാണ് ആയിഷയ്ക്ക് കവിതകളെഴുതുന്നതിനും പുസ്തകം പ്രസിദ്ധീകരിക്കുന്നതിനും പ്രചോദനമായതെന്നും ആയിഷ പറഞ്ഞു. പെരുമ്പാവൂര്‍ യെസ് പ്രസ് ബുക്‌സാണ് നൂറു പേജുളള ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എസ്എസ്എ മുന്‍ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് പുസ്തകം പരിചയപ്പെടുത്തി. കഥാകൃത്ത് സുരേഷ് കീഴില്ലം, സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജെസ്മി, ഗ്രാമപഞ്ചായത്തംഗം സന്ധ്യ ജോണ്‍, പിടിഎ പ്രസിഡന്റ് കെ. ഡാലി, സിസ്റ്റര്‍ പ്രഭ, സ്റ്റാഫ് പ്രതിനിധി ജെസി മാത്യു, സോന സെബാസ്റ്റ്യന്‍, അസ്‌ലഹ അലി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Related posts