വാഹനങ്ങളില്‍ കറങ്ങി നടന്ന് വീടുകളില്‍ നിന്ന് ലാപ്‌ടോപ്പ് മോഷണം: പ്രതി പിടിയില്‍

tvm-arrestlapതിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് വീടുകളില്‍ നിന്ന് ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും മോഷണം നടത്തുന്ന കള്ളനെ സിറ്റി ഷാഡോ പോലീസ് പിടികൂടി. ബീമാപള്ളി, ചെറിയതുറ സ്വദേശി സെയദാലിയുടെ  മകനും ഇപ്പോള്‍ ചെമ്പഴന്തി അണിയൂര്‍ ക്ഷേത്രത്തിനു പുറക് വശം വാടകയ്ക്ക് താമസിക്കുന്ന സനോഫറി (18 ) നെയാണ്  മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷാ ഡ്രൈവറെന്ന വ്യാജേന ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് ആറോളം സ്ഥലങ്ങളില്‍ നിന്നാണ് ഇയാള്‍ ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും കവര്‍ന്നത്.

പുലര്‍ച്ചെ ആറിനും  എട്ടിനുമിടയിലാണ് ഇയാളുടെ മോഷണം. ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് മുന്‍വാതിലുകള്‍ തുറന്ന് കിടക്കുന്ന വീടുകള്‍ കണ്ടാല്‍ അവിടെ ഓട്ടോറിക്ഷ നിര്‍ത്തി ആ വീടുകളില്‍ കയറി ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ആരെങ്കിലും കണ്ടാല്‍ മറ്റെന്തെങ്കിലും കാരണം പറഞ്ഞ് അവിടുന്ന് പെട്ടെന്ന് സ്ഥലം വിടുകയും ചെയ്യും. മ്യൂസിയം സ്റ്റേഷന്‍ പരിധിയിലെ പിഎംജി ലൂര്‍ദ്മാതാ പള്ളി ഹോസ്റ്റലില്‍ താമസിച്ച് സിവില്‍ സര്‍വീസിനു പഠിക്കുന്ന ജോസഫ് ജയിംസിന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കവര്‍ന്ന കേസുമായി ബന്ധപ്പെട്ട് സിറ്റി ഷാഡോ ടീം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിക്കപ്പെട്ടത്.

ഇയാളെ ചോദ്യം ചെയ്തതില്‍ പോങ്ങുമൂട് ചെറുവയക്കല്‍ പമ്പ് ഹൗസിന് എതിര്‍വശം അനന്തു അയ്യപ്പന്റെ വീട്ടില്‍ നിന്നും ലാപ്‌ടോപ് എടുത്തത്, മരപ്പാലം എക്‌സൈസ് ഓഫിസിനടുത്തുള്ള അനീഷ് കൃഷണന്റെ വീട്ടില്‍ നിന്നും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കവര്‍ന്നത്, ഗാന്ധിപുരം ചെമ്പഴന്തി ലെയ്‌നില്‍ താമസം നെവിന്‍ ലിവിംഗ്‌സറ്റണിന്റെ വീട്ടില്‍ കയറി ലാപ്‌ടോപ് എടുത്തത്, കാര്യവട്ടം കുരിശടി ജംഗ്ഷനില്‍ നജീബ് യഹിയയുടെ വീട്ടില്‍ നിന്നും ലാപ്‌ടോപ്  മോഷ്ടിച്ചത് തുടങ്ങി ആറോളം മോഷണങ്ങള്‍ ചെയ്തതായി ഇയാള്‍ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ മോഷ്ടിച്ചെടുത്ത ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും ബീമാപള്ളി ഭാഗത്തെ കടകളില്‍ ഇയാള്‍ വിറ്റിരുന്നത് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇയാള്‍ മുന്‍പ് ഫോര്‍ട്ട്, പൂന്തൂറസ്റ്റേഷന്‍ പരിധികളില്‍ നിന്നും സമാനമായ രീതിയില്‍ മോഷണം നടത്തി സ്വര്‍ണമാലയും , വളകളും ,മൊബൈല്‍ ഫോണുകളും കവര്‍ന്നതിന് പിടിക്കപ്പെട്ടിട്ടുണ്ട്.  തിരുവനന്തപുരം  സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ , ഡിസിപി ശിവവിക്രം, കന്റോണ്‍മെന്റ് എസി കെ.ഇ ബൈജു, കണ്‍ട്രോള്‍ റൂം എസി സുരേഷ് കുമാര്‍, മൂസിയം എസ്‌ഐ മാരായ പ്രസന്നന്‍, ശ്രീകാന്ത്,  ഷാഡോ പോലീസുകാരായ യശോധരന്‍, അരുണ്‍കുമാര്‍,  സാബു, ഹരിലാല്‍, സജീശ്രീകാന്ത്, വിനോദ് ,രജ്ഞിത്, അജിത്ത് ,വിനോദ്, പ്രദീപ്, അതുന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts