ചിറ്റൂര്‍: ഇരുചക്രവാഹന യാത്രയ്ക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിനു പരിക്കേറ്റു. വണ്ടിത്താവളം ചന്തപ്പേട്ട റോഡില്‍ അബ്ദുള്‍ കരീമിന്റെ മകന്‍ സമീറിനാണ് (34) പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 7.45ന് മുട്ടിച്ചിറയിലായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. തലയിലും കൈകാലുകളിലും പരിക്കേറ്റു റോഡില്‍ രക്തംവാര്‍ന്നു കിടന്ന ഇയാളെ ഇതുവഴി വന്ന മറ്റു യാത്രക്കാരാണ് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. രാത്രിയാകുമ്പോള്‍പോലും മുട്ടിച്ചിറ, ചേന്തോണി, കാട്ടുപാടം എന്നിവിടങ്ങളില്‍ യാത്രക്കാര്‍ നടന്നുപോകുന്നതിനു ഭയപ്പെടുകയാണ്.
ഇതിനുമുമ്പു പലപ്പോഴും നാലും അഞ്ചും പന്നികള്‍ കൂട്ടമായെത്തി യാത്രക്കാരെ ആക്രമിച്ചിരുന്നു. വയലുകളിലും ചെടിത്തൂപ്പുകള്‍ക്കിടയിലുമാണ് പന്നിക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. പന്നിയുടെ ആക്രമണം ഭയന്നു പ്രഭാതസവാരിപോലും നാട്ടുകാര്‍ ഉപേക്ഷിച്ചു. ഈ സാഹചര്യത്തില്‍ എത്രയുംവേഗം വനംവകുപ്പ് അധികൃതര്‍ കാട്ടുപന്നികളെ തുരത്താന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.