വിഐപി ക്യൂ സമ്പ്രദായം നിര്‍ത്തലാക്കണം, ശബരിമലയില്‍ ഏല്ലാ ദിവസവും ദര്‍ശനം വേണമെന്ന് മുഖ്യമന്ത്രി; പറ്റില്ലെന്ന് പ്രയാര്‍

tvm-sabarimalaപമ്പ: തീര്‍ഥാടനകാല മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും തമ്മില്‍ തര്‍ക്കം. വിഐപികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം പാടില്ലെന്നും എല്ലാ ദിവസവും നട തുറക്കണമെന്നും പിണറായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. വിഐപി ക്യൂ സമ്പ്രദായം നിര്‍ത്തലാക്കണമെന്നും ആവശ്യമെങ്കില്‍ തിരുപ്പതി മോഡലില്‍ പാസ് ഏര്‍പ്പെടുത്താമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഒരു നിര്‍ദേശം. എല്ലാ ദിവസവും നടതുറക്കുകയും ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തണമെന്നുമായിരുന്നു രണ്ടാമത്തെ പിണറായിയുടെ നിര്‍ദേശം.

എന്നാല്‍ ഇതു രണ്ടും സാധ്യമല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിലപാട് എടുത്തു. ഇതോടെ ഗോപാലകൃഷ്ണന്റെ താല്‍പര്യത്തില്‍ മാത്രം മുന്നോട്ടുപോകാനാവില്ലെന്നും പ്രസിഡന്റിന്റെ വാക്കുകളില്‍ രാഷ്ട്രീയമുണ്‌ടെന്നുമായി പിണറായി. ഞാനും നിങ്ങളും രാഷ്ട്രീയക്കാരാണ്. പരുക്കനായിട്ടാണ് നിങ്ങളും സംസാരിച്ചത്. ഞാനും ഏതാണ്ട് അങ്ങനെയാണ് എന്നാണ് പൊതുവെ പറയുന്നത്- പിണറായി പറഞ്ഞു.

ശബരിമലയോടു ചേര്‍ന്നു വിമാനത്താവളം തുടങ്ങുന്നത് ആലോചനയിലില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. പമ്പയില്‍നിന്നു സന്നിധാനത്തേക്കു തീര്‍ഥാടകരെ എത്തിക്കുന്നതിനു റോപ് വേ സൗകര്യം ഒരുക്കും. ദേശീയപാതയില്‍ 50 കി.മീ. ചുറ്റളവില്‍ യാത്രാഭവനുകള്‍ സ്ഥാപിക്കുമെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

Related posts