വിജയ് ചിത്രത്തിലെ ജോസഫ് കുരുവിള, കോട്ടയം അച്ചായന്‍? വിജയ് ഉപയോഗിക്കുന്ന കെആര്‍കെ-476 എന്ന ബൈക്ക് കോട്ടയം രജിസ്‌ട്രേഷന്‍; ചിത്രത്തിന്റെ ട്രെയിലര്‍ യു ട്യൂബില്‍ കണ്ടത് ലക്ഷങ്ങള്‍

vijayiകോട്ടയം: ഇളയ ദളപതി വിജയിയുടെ പുതിയ തമിഴ്ചിത്രം “തെറിയിലെ വിജയ്‌യുടെ കഥാപാത്രം ജോസഫ് കുരുവിള കോട്ടയത്തുകാരനാണെന്ന അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ യു ട്യൂബില്‍ റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിനു ആളുകളാണു കണ്ടത്.

ട്രെയിലറില്‍ വിജയ് ഉപയോഗിക്കുന്ന കെആര്‍കെ-476 എന്ന ബൈക്ക് കോട്ടയം രജിസ്‌ട്രേഷന്‍ ആണ്. കൂടാതെ ട്രെയിലറില്‍ കാണിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയുടെ ബോര്‍ഡ് മലയാളത്തിലാണ്, ഒപ്പം മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലന്‍സിന്റെ രജിസ്‌ട്രേഷനും കോട്ടയം തന്നെ. ഇതൊക്കെയാണു കഥാപാത്രം കോട്ടയം സ്വദേശിയാണെന്നുള്ള ചൂടേറിയ ചര്‍ച്ചയ്ക്ക് ആക്കംകൂട്ടിയത്.

വിജയ് ആരാധകരായ നിരവധിപേര്‍ അഭിപ്രായങ്ങള്‍ സോഷല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്. ചിത്രത്തില്‍ വിജയ് മലയാളം സംസാരിക്കുമെന്നാണു ഒരു കൂട്ടരുടെ വാദം. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് മൂന്നു വേഷങ്ങളിലാണു എത്തുന്നതെന്ന വാര്‍ത്ത മുമ്പു പുറത്തുവന്നിരുന്നു. ‘തെറി’ എന്നാല്‍ തമിഴില്‍ അസഭ്യപദമല്ല. പെട്ടെന്നുള്ള പ്രതികരണം, ചങ്കുറ്റം, ധൈര്യം എന്നിവയെ സൂചിപ്പിക്കുന്ന വിശേഷണമാണു തെറി എന്ന തമിഴ് വാക്ക്.

സാമന്തയും ആമി ജാക്‌സണും ചിത്രത്തില്‍ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എന്തായാലും കോട്ടയത്തെ വിജയ് ആരാധകര്‍ വമ്പന്‍ ത്രില്ലിലാണ്. അതേസമയം, മോട്ടോര്‍ വാഹനവകുപ്പിന്റെ സൈറ്റില്‍ പരിശോധിച്ചപ്പോള്‍ കെആര്‍കെ-476 എന്ന രജിസ്റ്റര്‍ നമ്പറിലുള്ള വാഹനം നിലവിലില്ല എന്ന വിവരമാണു ലഭിക്കുന്നത്.

Related posts