വിജിലന്‍സ് കേസ്: കെ.എം.മാണിയുടെ ഹര്‍ജി ഇന്നു ഹൈക്കോടതിയില്‍

maniകൊച്ചി:  ആയുര്‍വേദ മരുന്നു കമ്പനികള്‍ക്കും കോഴി കച്ചവടക്കാര്‍ക്കും നികുതിയിളവ് ചെയ്തുവെന്ന വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം.മാണി നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും. കെ.എം. മാണിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. എം.കെ. ദാമോദരനാണ് ഹൈക്കോടതിയില്‍ ഹാജരാകുന്നത്. കെ.എം.മാണിയുടെ ഹര്‍ജിയിലുള്ള സര്‍ക്കാരിന്റെ നിലപാട് ഇന്ന് കോടതിയില്‍ അറിയിക്കും.

കോഴി മൊത്തക്കച്ചവടക്കാര്‍ക്ക് നികുതിയിളവ് നല്‍കാന്‍ കെ.എം. മാണി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി ത്വരിതാന്വേഷണത്തില്‍ കെണ്ടത്തിയതായി വിജിലന്‍സ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബ്രോയ്‌ലര്‍ കോഴി മൊത്തവിതരണ സ്ഥാപനം നടത്തിയ നികുതിവെട്ടിപ്പ് എഴുതിത്തള്ളിയതിലൂടെ  65 കോടി രൂപയും ആയുര്‍വേദമരുന്നു കമ്പനികള്‍ക്ക് നികുതി കുറച്ചു കൊടുത്തതിലൂടെ 150 കോടി രൂപയും ഖജനാവിന് നഷ്ടംവരുത്തിയെന്ന് ആരോപിച്ച് അഡ്വ. നോബിള്‍ മാത്യു നല്‍കിയ പരാതിയിലാണ് കേസ്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ.എം.മാണി കോടതിയെ സമീപിച്ചിരിക്കുന്നത്.

Related posts