വിടില്ല ഞാന്‍! ഐസ്ക്രീം കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കും

vsഎം.ജെ ശ്രീജിത്ത്

തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കും. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെയാണ് സമീപിക്കുക. വി.എസിനു വേണ്ടി  അഡ്വക്കേറ്റ് ഭാസ്കരന്‍ നായരാണ് ഹാജരാകുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് വി.എസ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്നലെ സുപ്രീം കോടതി തള്ളിയിരുന്നു. നടപടി ക്രമങ്ങള്‍ പാലിച്ച് വി.എസിന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് വി.എസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ വി.എസിന്റെ ഹര്‍ജിയെ ശക്തമായി എതിര്‍ത്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ നടപടി ക്രമങ്ങള്‍ പാലിച്ച് വിചാരണ കോടതിയെ സമീപിക്കാമെന്നും ഉന്നയിക്കാനുള്ള കാര്യങ്ങളൊക്കെയും മജിസ്‌ട്രേറ്റ് കോടതിയില്‍ പറയുന്നതാണ് ഉചിതമെന്നുമാണ് ചീഫ് ജസ്റ്റിസ്  ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്.

രാഷട്രീയ അജന്‍ഡയ്ക്കായി കോടതിയെ ഉപയോഗിക്കരുതെന്നും ഇതിന്റെ ഭാഗമാകാന്‍ കോടതിയ്ക്കാവില്ലെന്നും കേസ് സജീവമാക്കി നിര്‍ത്തുകയാണു വി.എസിന്റെ ഉദ്ദേശമെന്നും ഇത്തരം കാര്യങ്ങള്‍ക്ക്  പാഴാക്കാന്‍ സമയമില്ലെന്നും ഇതിനെക്കാള്‍ പ്രാധാന്യമുളള സംഗതികളുണ്ടെന്നും കോടതി വാക്കാല്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ ജഡ്ജ്‌മെന്റിലുണ്ടെങ്കില്‍ ഇതു മാറ്റികിട്ടാനായി സുപ്രീംകോടതിയില്‍ വി.എസ് അപ്പീല്‍ നല്‍കും.

നേരത്തെ അഡ്വേക്കേറ്റ് ജനറലായിരുന്ന എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടവായതും സംസ്ഥാന സര്‍ക്കാര്‍ വി.എസിനെതിരെ സുപ്രീംകോടതിയില്‍ നിലപാടു സ്വീകരിച്ചതും രാഷട്രീയ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ നിന്ന് വിമര്‍ശനം എല്‍ക്കേണ്ടി വന്നിട്ടും കേസില്‍ നിന്ന് പിന്‍മാറാന്‍ ഉദ്ദേശമില്ലെന്ന് തന്നെയാണ് വി.എസ് വിശ്വസ്തരെ അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നടപടി ക്രമങ്ങള്‍ പാലിച്ച് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. തുടര്‍ന്നും വി.എസിന്റെ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ കോടതിയില്‍ നിലപാട് സ്വീകരിക്കുമെന്നതാണ് രാഷട്രീയ കേരളം കൗതുകത്തോടെ ഉറ്റുനോക്കുന്നത്.

Related posts