വിദേശമലയാളിയുടെ വിസ്മയവീട്… ചെലവ് മൂന്നിലൊന്നു മാത്രം

housefbകോട്ടയം: ചതുപ്പ് പ്രദേശങ്ങളില്‍ താഴ്ന്നു പോകുന്ന വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പകരം ജിഐ പൈപ്പുകളും ഷീറ്റുകളും ഉപയോഗിച്ചു വീട് നിര്‍മിച്ചു വ്യത്യസ്തനാകുകയാണ് രാജു എന്ന വിദേശമലയാളി.  ഇംഗ്ലണ്ടില്‍ ജോലിചെയ്യുന്ന മലയാളിയായ തോട്ടയ്ക്കാട് വല്യാറ രാജുവാണു കോട്ടയത്തിനുസമീപം പരിപ്പില്‍ ജിഐ പൈപ്പുകള്‍ ഉപയോഗിച്ചു വീട് നിര്‍മിക്കുന്നത്. രണ്ടു ബെഡ് റൂം, ഒരു ഹാള്‍, അടുക്കള, രണ്ടു ബാത്ത് റൂം എന്നിവയുള്ള വീടിന്റെ അടിത്തറ നിര്‍മാണത്തിനു മാത്രമാണു സിമന്റും ഹോളോ ബ്രിക്‌സും ഉപയോഗിച്ചിട്ടുള്ളത്.

ഭിത്തിക്കായി ജിഐ പൈപ്പുകള്‍ വെല്‍ഡ് ചെയ്തതിനുശേഷം ബൈസണ്‍ ഷീറ്റുകള്‍ കൊണ്ടാണു നിര്‍മിച്ചിരിക്കുന്നത്. സിമന്റും തടിയുടെ മിക്‌സും ഉപയോഗിച്ചാണു ബൈസണ്‍ ഷീറ്റുകള്‍ നിര്‍മിക്കുന്നത്. ഹൈദരാബാദിലെ ഫാക്ടറിയിലാണു ബൈസണ്‍ ഷീറ്റുകള്‍ നിര്‍മിക്കുന്നത്. ജിഐ പൈപ്പുകളുടെ രണ്ടുവശത്തുമായി ബൈസണ്‍ ഷീറ്റുകള്‍ ഉപയോഗിച്ചു മറച്ചാണു ഭിത്തി നിര്‍മിക്കുന്നത്. ഒരു ഭിത്തിയുടെ രണ്ടു വശത്തെയും ബൈസണ്‍ ഷീറ്റുകള്‍ തമ്മില്‍ ആറ് ഇഞ്ചിന്റെ അകലമുള്ളതിനാല്‍ വീടിനുള്ളില്‍ അനുഭവപ്പെടുന്ന ചൂടിനും കുറവുണ്ടാകും.

തുടര്‍ന്നു പെയിന്റ് ചെയ്തു ഭിത്തി മനോഹരമാക്കുകയും ചെയ്യാം. മഴ നനഞ്ഞാലോ വെയിലേറ്റാലോ ബൈസണ്‍ ഷീറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കില്ലെന്നതാണു മറ്റൊരു പ്രത്യേകത. വീടിന്റെ മേല്‍ക്കൂരയ്ക്കായി റൂഫിംഗ് ഷീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഏതാണ്ട് ഒരുമാസം മുമ്പ് ആരംഭിച്ച വീടുനിര്‍മാണം 20 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇരുനിലയുള്ള വീടുകളാണു നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ജിഐ പൈപ്പുകള്‍ കൂടുതല്‍ ബലമുള്ളതു സ്ഥാപിച്ച് ഒരു നിലയ്ക്കു മുകളില്‍ വീണ്ടും ബൈസണ്‍ ഷീറ്റുകള്‍ സ്ഥാപിച്ചാല്‍ മതിയാകും.

വിദേശരാജ്യങ്ങളില്‍ ഇത്തരത്തില്‍ വീടുകളും കെട്ടിടങ്ങളും നിര്‍മിക്കാറുണെ്ടങ്കിലും കേരളത്തില്‍ ഇതു പുതുമയുള്ളതാണെന്നു നിര്‍മാതാക്കള്‍ പറഞ്ഞു. തടി ഉപയോഗിക്കാതെ ഭിത്തികളും ജനലും പൂര്‍ണമായും ജിഐ പൈപ്പുകള്‍ ഉപയോഗിച്ചുള്ള വീട് ഇവിടെ ആദ്യമായിട്ടായിരിക്കുമെന്നാണു നിര്‍മാതാക്കളുടെ വാദം. പടിഞ്ഞാറന്‍ മേഖലകളില്‍ ലക്ഷക്കണക്കിനു രൂപ മുതല്‍മുടക്കി സിമന്റും മെറ്റലും ഉപയോഗിച്ചു നിര്‍മിക്കുന്ന വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിക്കുന്നതും വെള്ളം കയറുമ്പോള്‍ തറ ഇരുന്നു പോകുന്നതും പതിവാണ്.

ഇത്തരത്തില്‍ അപകടത്തില്‍പ്പെടാതെയുള്ള വീട് എങ്ങനെ നിര്‍മിക്കാം എന്നുള്ള ആലോചനയിലാണു രാജുവും സുഹൃത്ത് തോട്ടയ്ക്കാട് കല്ലുകുഴി സാനപ്പനും ചേര്‍ന്നു ജിഐ പൈപ്പുകള്‍ ഉപയോഗിച്ചു വീട് നിര്‍മിക്കാന്‍ തീരുമാനിച്ചത്.  രാജു വിദേശത്തായതിനാല്‍ സാലപ്പനാണു വീട് നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.  സിമന്റും മെറ്റലും ഉപയോഗിച്ചു കോണ്‍ക്രീറ്റ് ചെയ്തു വീടു നിര്‍മിക്കുന്നതിന്റെ പകുതി സമയത്തിലും 70 ശതമാനം കുറഞ്ഞ ചെലവിലും ഇത്തരത്തിലുള്ള വീട് നിര്‍മിക്കാനാവുമെന്നും സാലപ്പന്‍ പറഞ്ഞു.

Related posts