കൊല്ലം :ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് രാവിലെ ആറു മുതല്‍ വൈകുന്നേരം ഏഴുവരെ യാത്രാ സൗജന്യം നല്‍കണമെന്ന് കലക്ട്രേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്‍സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രവേശനം പൂര്‍ത്തിയാവാത്തതിനാല്‍ പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗജന്യം ലഭിക്കാന്‍ ഓഗസ്റ്റ് 15 വരെ കണ്സഷന് കാര്‍ഡ് നിര്‍ബന്ധമാക്കില്ല.
ബസ് ജീവനക്കാര്‍ നെയിം ബാഡ്ജ് നിര്‍ബന്ധമായും ധരിക്കണം. വിദ്യാര്‍ഥികളെ കയറ്റാതെ ഡോര്‍ അടച്ചു പിടിക്കുക, കൈകാണിച്ചാല്‍ നിര്‍ത്താതെ പോവുക, സീറ്റ് നിഷേധിക്കുക, അപമര്യാദയായി പെരുമാറുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ബസ് ജീവനക്കാരുടെ ഭാഗത്തു നിന്നും വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ അക്കാര്യം പോലീസിന്റെ ക്രൈം സ്റ്റോപ്പ് നമ്പറായ 1090 എന്ന നമ്പറിലേക്ക് ബസ് നമ്പര്‍ സഹിതം വിളിച്ചറിയിക്കണം.
കൂടാതെ മോട്ടോര്‍ വാഹന വകുപ്പിന്റെ നമ്പരുകളിലേക്ക് വിളിച്ചോ എസ് എം എസ് മുഖേനയോ അറിയിക്കാവുന്നതാണ്. കൊല്ലം(85476 39002), കരുനാഗപ്പള്ളി (85476 39023), കുന്നത്തൂര്‍ (85476 39061), കൊട്ടാരക്കര (85476 39024), പുനലൂര്‍ (85476 39025). എ ഡി എം ഐ.അബ്ദുല്‍ സലാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആര് ടി ഒ ആര്.തുളസീധരന്‍പിള്ള, വിദ്യാര്‍ഥിയൂണിയന്‍ പ്രതിനിധികള്‍, ബസ് ഉടമാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.