മൂവാറ്റുപുഴ: മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു സഹായം തേടുന്ന പ്ലസ്വണ് വിദ്യാര്‍ഥിനിക്കു സഹായ ഹസ്തവുമായി ഓട്ടോറിക്ഷാ ഡ്രൈവര്‍. റാക്കാട് വരപ്പുറത്തു സുനിലിന്റെ മകള്‍ ശ്രുതിക്കാണു മജ്ജ മാറ്റിവയ്ക്കല്‍ ആവശ്യമായി വന്നിരിക്കുന്നത്. അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രുതിക്കു സഹോദരന് മജ്ജ നല്കാന് തയാറാണ്. ശസ്ത്രക്രിയയ്ക്കു 30 ലക്ഷം രൂപയോളം ചെലവുവരും. ചുമട്ടുതൊഴിലാളിയായ ശ്രുതിയുടെ പിതാവ് സുനിലിന് ഇത്രയും വലിയതുക കണെ്ടത്തുകയെന്നതു ചിന്തിക്കാന്‍പോലും കഴിയാത്ത കാര്യമാണ്. പത്തുസെന്റ് സ്ഥലവും ഓടുമേഞ്ഞ വീടുമാണു സുനിലിന്റെ ഏകസമ്പാദ്യം.
ശ്രുതിയുടെ രോഗവിവരമറിഞ്ഞ കച്ചേരിത്താഴത്തെ ഓട്ടോഡ്രൈവറായ ശശി ഒരുദിവസം ഓട്ടോ ഓടിച്ചു ലഭിക്കുന്ന വരുമാനം മുഴുവന്‍ ശ്രുതിയുടെ ചികിത്സാസഹായ ഫണ്ടിലേക്കു നല്‍കുകയായിരുന്നു. ഓട്ടോറിക്ഷയുടെ മുന്നില്‍ ശ്രുതിയുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള ബാനര്‍ പ്രദര്‍ശിപ്പിച്ച് ഇന്നലെയാണു ശശി സവാരി നടത്തിയത്.
വാളകം പഞ്ചായത്ത് പ്രസിഡന്റ് ലീലാ ബാബു, വാര്‍ഡംഗം സീമ അശോകന് എന്നിവരുടെ പേരില്‍ എസ്ബിടി വാളകം ശാഖയില്‍ അക്കൗണ്ട് തുറന്നു നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാസഹായ ഫണ്ടിലേക്കു പണം സമാഹരിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67369955320. ഐഎഫ്എസ്ഇ കോഡ്: എസ്ബിടിആര്‍0000580. മൂവാറ്റുപുഴ എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ചിട്ടും അസുഖം ബാധിച്ചതോടെ ശ്രുതിയുടെ പഠനവും മുടങ്ങിയിരിക്കുകയാണ്.