വിദ്യാലയങ്ങള്‍ കുട്ടികളെ കഴുത്തറപ്പന്‍ മത്സരങ്ങളിലേക്ക് തള്ളിവിടുന്നു : എം.എ.ബേബി

klm-babyപത്തനാപുരം : വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കുഞ്ഞുങ്ങളെ കഴുത്തറപ്പന്‍ മത്സരത്തിന്റെ മനോഭാവത്തിലേക്ക് വളര്‍ത്തിയെടുക്കുന്ന പ്രക്രിയയാണ് ചെയ്യുന്നതെന്ന് മുന്‍ മന്ത്രി എം.എ.ബേബി . മലയാളം സാംസ്കാരികസമിതിയുടെ മൂന്നാമത് ബലിചന്ദനം പുരസ്കാരം ഗാന്ധിഭവന്‍ സെക്രട്ടറി ഡോ: പുനലൂര്‍ സോമരാജന് സമ്മാനിച്ച്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂടെ പഠിക്കുന്നവനെ ചവിട്ടി മെതിച്ചിട്ട്  അവന്റെ പുറത്ത് കയറിനിന്നിട്ടാണെങ്കിലും വേണ്ടില്ല നീ ക്ലാസില്‍ പഠനത്തിലും മറ്റെല്ലാത്തിനും ഒന്നാമനാകണമെന്ന പരിശീലനമാണ് വിദ്യാലയങ്ങളും രക്ഷാകര്‍ത്താക്കളും കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത്.

ഇതുതന്നെയാണ് സമൂഹം സര്‍വരേയും പറയാതെ ബോധിപ്പിച്ചുകൊണ്ടിരിക്കുന്നതും. നന്നായി പഠിക്കണം, നന്നായി കളിക്കണം, കൂടെ പഠിക്കാന്‍ പിന്നോക്കം നില്‍ക്കുന്നവരെ തന്നാല്‍ കഴിയുന്നവിധം സഹായിക്കണം അവരില്‍ നിന്നും നല്ലതു പഠിക്കാനുണ്ടെങ്കില്‍ അതും സ്വായത്തമാക്കണമെന്നും പറഞ്ഞുകൊടുക്കാന്‍ ആരും ശ്രമിക്കുന്നില്ല എന്നത് ദുഃഖകരമാണെന്നും  എം.എ.ബേബി പറഞ്ഞു.  ഗാന്ധിഭവന്‍ പത്തനാപുരത്തിന്റെ ഭാഗ്യവും തീര്‍ത്ഥാടനകേന്ദ്രവുമാണെന്ന് പുരസ്കാരമര്‍പ്പണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി കൊണ്ട് ഗണേഷ്കുമാര്‍ എംഎല്‍എ പറഞ്ഞു.

കഴിഞ്ഞ 15 വര്‍ഷമായി കാണുന്ന ഗാന്ധിഭവന്‍ സുമനസ്സുകളുടെ കാരുണ്യസഹായം കൊണ്ടുമാത്രം നിസ്വാര്‍ത്ഥ സേവനത്തിലൂടെ വളര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുകയാണെന്നും ഗണേഷ്കുമാര്‍ പറഞ്ഞു.മലയാളം സാംസ്കാരികസമിതി പ്രസിദ്ധീകരിച്ച ശ്രീഭവനം ഗോപാലകൃഷ്ണന്റെ ‘നക്ഷത്രങ്ങള്‍ക്കും മുകളില്‍’ എന്ന പുസ്തകം ഡോ: മുഞ്ഞിനാട് പത്മകുമാര്‍ പ്രകാശനം ചെയ്തു. കവയത്രി ബൃന്ദ പുസ്തകം ഏറ്റുവാങ്ങി. അനില്‍ വള്ളിക്കോട് പുസ്തകത്തെ കുറിച്ച് ആമുഖം അവതരിപ്പിച്ചു.

കെ.എന്‍.ബാലഗോപാല്‍ എം.പി  സ ഉമ്മന്നൂര്‍ ഗോപാലകൃഷ്ണന്‍, ചന്ദ്രമോഹനന്‍ റാന്നി, ബി.ശശികുമാര്‍, അജിത് കെ.ശ്രീധരന്‍, പാസ്റ്റര്‍ റ്റി.എം.പുരുഷോത്തമന്‍, സി.വി.ചന്ദ്രന്‍, സരസമ്മ തങ്കപ്പന്‍, ഡോ: വിജയചന്ദ്രന്‍, വിനോദ് ഇളകൊള്ളൂര്‍, രാജേഷ് ഓമല്ലൂര്‍, എന്‍.ശേഖരന്‍ നായര്‍, ജി. വില്‍സണ്‍, ഡോ: എന്‍.കെ.മുരളീധരന്‍, മിഥിലാ സുദര്‍ശനന്‍, പ്രൊഫ. എന്‍.ബി.തങ്കപ്പന്‍, പ്രൊഫ.ടി.കെ.ജി. നായര്‍, ഡോ: ജി.തുഷാര്‍, ജി.രവീന്ദ്രന്‍, ഗോപിനാഥ് മഠത്തില്‍, പി.എസ്.അമല്‍രാജ്, തുടങ്ങിയവര്‍  പ്രസംഗിച്ചു.

Related posts