ഇത്തിത്താനം: പുറമ്പോക്കിലെ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ താമസിക്കുന്ന വീട്ടമ്മ വിറ്റ വിന്‍വില്‍ ടിക്കറ്റിന് ഒന്നാം സമ്മാനം. കമ്മീഷന്‍ തുക കിട്ടിയാല്‍ ആദ്യം വീടിന്റെ ചോര്‍ച്ച മാറ്റി മക്കളെ നനയാതെ കിടത്തണമെന്ന ഒറ്റ ആഗ്രഹമേയുള്ളുവെന്ന് ഇത്തിത്താനം സ്വദേശി സുമ സുകുമാരന്‍. ചാലച്ചിറയിലെ തോട്ടു വക്കത്ത് പുറമ്പോക്കില്‍ ചെറിയ കൂര കെട്ടിയാണ് ഈ കുടുംബം താമസിക്കുന്നത്.
മൂന്നു വര്‍ഷം മുന്‍പ് മരത്തില്‍നിന്നും വീണു ഭര്‍ത്താവ് സുകുമാരന്‍ മരിച്ചതോടെ ഭിന്നശേഷിയുള്ള മകളെയും സ്കൂളില്‍ പഠിക്കുന്ന മകനെയും പോറ്റാനാണ് ലോട്ടറി വില്‍പ്പന ആരംഭിച്ചത്. ചങ്ങനാശേരിയില്‍നിന്നും ടിക്കറ്റെടുത്ത് ചാലച്ചിറ, കുതിരപ്പടി, എനാചിറ, പൊന്‍പുഴ ഭാഗങ്ങളില്‍ നാമ മാത്രമായ വില്‍പ്പന നടത്തിവരുകയായിരുന്നു.
പട്ടയം ഇല്ലാത്തതിനാല്‍ ചോര്‍ന്നൊലിക്കുന്ന പുര നന്നാക്കാനുള്ള യാതൊരു ധനസഹായവും ഇവര്‍ക്കു ലഭിച്ചിട്ടില്ല. ചാലച്ചിറ സ്വദേശിയാണു സമ്മാനത്തിന് അര്‍ഹനായത്. കമ്മീഷനായി കിട്ടുന്ന തുക കൊണ്ടു ഈ മഴക്കാലത്തെങ്കിലും ചോര്‍ന്നൊലിക്കാതെ കിടക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു സുമപറഞ്ഞു.