കാഞ്ഞിരപ്പള്ളി: ടാപ്പിംഗ് തൊഴിലാളിക്ക് വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം. കപ്പാട് താന്നിക്കല്‍ ടി.എം. വര്‍ക്കി (58) ക്കാണ് തിങ്കളാഴ്ച നറുക്കെടുത്ത ഡബ്ല്യുടി 197006 എന്ന നമ്പറിലുള്ള ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ലഭിച്ചത്. ബിഎസ്പിയുടെ നിയോജകമണ്ഡലം ട്രഷറായ വര്‍ക്കി പാര്‍ട്ടി പരിപാടിക്കായി പോയപ്പോള്‍ വൈക്കം ബോട്ടു ജെട്ടിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. കടുത്ത സാമ്പത്തികപരാധീനതകള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് ഭാഗ്യം വര്‍ക്കിയെ തേടിയെത്തിയത്.
സ്ഥിരമായി ലോട്ടറിയെടുക്കാറുണ്ടായിരുന്നെന്നും എന്നെങ്കിലും ഒന്നാം സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷ തനിക്കുണ്ടായിരുന്നെന്നും വര്‍ക്കി പറഞ്ഞു. കിട്ടുന്ന തുകയുടെ പകുതി ലോട്ടറിക്കായി മുടക്കുന്നതിനോട് ഭാര്യ അമ്മിണിക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അമ്മിണി പറഞ്ഞു.
വീട് പണിയുന്നതിനായി ബാങ്കില്‍ നിന്നു ലോണ്‍ എടുത്തിരുന്നു. എങ്കിലും വീട് പണി പൂര്‍ത്തിയായിട്ടില്ല. മൂന്ന് സെന്റ് ഭൂമി മാത്രമാണ് ഇപ്പോള്‍ ഉള്ളത്. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുന്നതോടൊപ്പം സ്ഥലം വാങ്ങി വീട് പണി പൂര്‍ത്തിയാക്കി മക്കളുടെ ഭാവി സുരക്ഷിതമാക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
മൂത്ര സംബന്ധമായ അസുഖമുള്ളതിനാല്‍ കട്ടിപ്പണികള്‍ ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. കോട്ടയം മെഡിക്കല്‍ കോളജിലാണ് ചികിത്സ തേടുന്നത്. ചികിത്സയ്ക്കായി വലിയ തുക ചെലവാകുന്നുണ്ട്. ടാപ്പിംഗും വീടിനോട് ചേര്‍ന്ന് നടത്തുന്ന മാടക്കടയുമായിരുന്നു ഏകവരുമാന മാര്‍ഗം. കടബാധ്യതയ്ക്ക് നടുവില്‍ ലോട്ടറി ഭാഗ്യം കടാക്ഷിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബം. മക്കള്‍: ടോണി, അനി, അജി.