കൊച്ചി: മുളവുകാട് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അഷറഫിനെ തിരഞ്ഞ് അന്വേഷണ സംഘം തമിഴ്‌നാട്ടിലെത്തി. നാഗപട്ടണത്തെ നാഗൂര്‍ പള്ളി, വേളാങ്കണ്ണി പള്ളി എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. മറ്റൊരു സംഘം പ്രതിക്കായി തിരുവനന്തപുരം ബീമാ പള്ളിയുടെ സമീപ പ്രദേശങ്ങളിലും അന്വേഷണം നടത്തുന്നുണ്ട്. സ്ഥാപനങ്ങളില്‍ നിന്നും മറ്റും വായ്പയെടുത്തു മുങ്ങുന്ന പതിവുള്ള അഷറഫ് സാധാരണ തമിഴ്‌നാട്ടിലും മറ്റുമുള്ള ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്ന പതിവുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
ബഹളം കേട്ടുണര്‍ന്ന കുട്ടിയുടെ മുന്നില്‍ വച്ചാണ് കൃത്യം നടന്നത്. കൊലപാതകത്തിനു ശേഷം അഷറഫ് കുട്ടിയെ സമീപത്തു താമസിക്കുന്ന തന്റെ ഉമ്മയുടെ അടുത്താക്കിയ ശേഷമാണ് ഒളിവില്‍ പോയത്. കൃത്യം നടത്താനുപയോഗിച്ച ഇരുമ്പു കോടാലി പോലീസ് ഇന്നലെ കണ്ടെടുത്തു. വീടിന്റെ സമീപത്ത് കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റെ സമീപത്തു നിന്നാണ് കോടാലി കണ്ടെത്തിയത്. കോടാലിയില്‍ ചോരയും തലമുടിയും പറ്റിപ്പിടിച്ച നിലയിലായിരുന്നു.
കോടാലി ഇന്നു വിശദ പരിശോധനക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കുമെന്ന് സെന്‍ട്രല്‍ സിഐ എ. അനന്തലാല്‍ പറഞ്ഞു.മുളവുകാട് പോഞ്ഞിക്കര ബോട്ടുജെട്ടിക്കു സമീപം താമസിക്കുന്ന പള്ളത്തുപറമ്പില്‍ വീട്ടില്‍ ഉസൈബയെ(50)യാണ് ഞായറാഴ്ച രാവിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇവരുടെ ഭര്‍ത്താവ് അഷറഫിനായി(57) പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അഷറഫ് തന്നെയാണ് കൊലനടത്തിയതെന്നു സെന്‍ട്രല്‍ സിഐ എ. അനന്തലാല്‍ പറഞ്ഞു.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഇയാള്‍ എവിടെയാണെന്നതു സംബന്ധിച്ചു പോലീസിനു വിവരമൊന്നും ലഭിച്ചിട്ടില്ല. എടിഎം അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ അതുവഴിയും വിവരം കിട്ടാന്‍ സാധ്യതയില്ലാത്തത് പോലീസിനെ വലയ്ക്കുന്നുണ്ട്. ഇയാള്‍ നേരത്തെ ജോലിചെയ്തിരുന്നതും താമസിച്ചിരുന്നതുമായ സ്ഥലങ്ങളില്‍ അന്വേഷിക്കാന്‍ നാലു സംഘങ്ങളായി തിരിഞ്ഞാണു തെരച്ചില്‍ നടത്തുന്നത്. സ്ഥാപനങ്ങളില്‍ നിന്നും മറ്റും വായ്പ എടുത്ത് മുങ്ങുന്ന പതിവ് ഇയാള്‍ക്കുണ്ടെന്നും പോലീസ് പറഞ്ഞു. മദ്യത്തിനും കഞ്ചാവിനും അടിമയായ അഷറഫ് സ്ഥിരമായി വീട്ടില്‍ വരാറില്ല.
വീട്ടില്‍ വരുമ്പോഴൊക്കെ ഉസൈബയുമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ടും വഴക്കിട്ടിരുന്നു.ഉസൈബയുടെ കബറടക്കം ഇന്നലെ രാവിലെ കലൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടന്നു. അഷറഫിനെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ 9497987103 (സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍), 9497980417 (മുളവുകാട് സബ് ഇന്‍സ്‌പെക്ടര്‍), 0484-2750772 (മുളവുകാട് പോലീസ് സ്റ്റേഷന്‍) എന്നിവിടങ്ങളില്‍ അറിയിക്കണമെന്ന് സിഐ അനന്തലാല്‍ അറിയിച്ചു.