മുണ്ടക്കയം: വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പോലീസ് അലംഭാവം കാണിക്കുന്നു എന്നുമാരോപിച്ച് അഞ്ജലി കുടുംബശ്രീയുടെ നേതൃത്വത്തില്‍ താന്നിക്കപതാലില്‍ നിന്നു പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പുലിക്കുന്ന് താന്നിക്കപതാല്‍ പൂന്തോപ്പില്‍ ജയന്റെ ഭാര്യ നിഷ (മഞ്ജു-–34) ആണ് ശരീരത്തില്‍ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിച്ചത്.
കഴിഞ്ഞ ജൂണ്‍ 19ന് രാത്രിയിലാണ് സംഭവം നടന്നത്. രാത്രി മൂന്നോടെ ജയന്റെ വീട്ടില്‍ നിന്നും ബഹളം കേട്ട് സമീപവാസികള്‍ ചെന്നപ്പോള്‍ നിഷയെ തീപ്പൊള്ളലേറ്റ നിലയില്‍ കാണുകയും ഇവര്‍ ചേര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ നിഷ മരണപ്പെട്ടു. സംഭവം സംബന്ധിച്ച് പോലീസ് ഇവരുടെ താന്നിക്കപ്പതാലിലുള്ള വീട്ടില്‍ അന്വേഷണം നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും നിഷയുടെ മൂന്നുകുട്ടികളുടെയും മൊഴിയെടുക്കുകയും ചെയ്തു.
മദ്യപിച്ചെത്തിയ ജയന്‍ നിഷയോട് വഴക്കുണ്ടാക്കുകയും മര്‍ദിക്കുകയും ചെയ്തതായും പിന്നീട് ഉറങ്ങുകയും രാത്രിയില്‍ ബഹളം കേട്ട് ഉണര്‍ന്നപ്പോള്‍ നിഷ തീപ്പൊള്ളലേറ്റ നിലയില്‍ വീടിനുള്ളില്‍ ഇരിക്കുകയായിരുന്നെന്നും ഇവരുടെ മക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും ബന്ധുക്കളെ വിവരം അറിയിക്കുവാന്‍ ജയന്‍ തയാറായില്ലെന്നും തങ്ങളുടെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും, മരണത്തിന് ശേഷം ജയന്‍ മക്കള്‍ പഠിക്കുന്ന സ്കൂളില്‍ എത്തി തനിക്കെതിരായി ഒന്നും പറയരുതെന്ന് കുട്ടികളോട് പറഞ്ഞതായും നിഷയുടെ മാതാപിതാക്കളായ ശ്രീധരനും ചെല്ലമ്മയും പറഞ്ഞു.
എല്ലാ ശനിയാഴ്ചകളിലും ജയന്‍ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാണെന്നും സംഭവ ദിവസം വീട്ടില്‍ പാട്ട് ഉച്ചത്തില്‍ വച്ചതിന് ശേഷമാണ് നിഷയെ മര്‍ദിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു നടപടിയും പോലീസ് സ്വീകരിച്ചില്ലെന്നാരോപിച്ചാണ് അഞ്ജലി കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധ യോഗത്തില്‍ കുടുംബശ്രീ പ്രസിഡന്റ് ബീനാ സുകു, സെക്രട്ടറി ശാലിനി സജീവന്‍, പഞ്ചായത്തംഗങ്ങളായ ടി.ആര്‍ സത്യന്‍, കെ.സി സുരേഷ്, കുടുംബ്രശ്രീ ചെയര്‍പേഴ്‌സണ്‍ സുപ്രഭ രാജന്‍, പ്രസിഡന്റ് സതി വിനോദ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്തുമെന്നും കുടുംബശ്രീ ഭാരവാഹികള്‍ അറിയിച്ചു.