വീണ്ടും വധഭീഷണി! കനയ്യയെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം; നാവ് അറുക്കുന്നവര്‍ക്ക് 5 ലക്ഷം! വധിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നുള്ള പോസ്റ്റര്‍ വാട്‌സ് ആപ്പില്‍

Kannayyaന്യൂഡല്‍ഹി: കനയ്യയെ വധിക്കുന്നവര്‍ക്ക് പണം വാഗ്ദാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ ജന്തര്‍ മന്ദിറില്‍ പതിച്ചതായി വാട്‌സ് ആപ്പിലും സമൂഹമാധ്യമത്തിലും പ്രചരിച്ചതായി റിപ്പോര്‍ട്ട്. സംഭവം അറിഞ്ഞ് പോലീസ് സംഘം ജന്തര്‍മന്ദിറില്‍ പരിശോധന നടത്തിയെങ്കിലും പോസ്റ്ററുകള്‍ കണ്ടെത്തിയില്ല. രാജ്യദ്രോഹികളെ വെടിവച്ചു കൊല്ലുന്നത് ദേശീയ ഉത്തരവാദിത്വമാണെന്നാണ് വാട്‌സ് ആപ് പ്രചാരണം.  കനയ്യയെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന പോസ്റ്റര്‍കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കനയ്യയുടെ നാവ് അറുക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ നല്‍കുമെന്ന വാഗ്ദാനവുമായി ഉത്തര്‍പ്രദേശ് യുവമോര്‍ച്ച പ്രസിഡന്‍റും രംഗത്തെത്തിയിരുന്നു. ബിജെപിയുടെ യുവജനവിഭാഗമായ യുവമോര്‍ച്ചയുടെ പ്രാദേശിക നേതാവായ കുല്‍ദീപ് വര്‍ഷിനിയാണ് കനയ്യയുടെ നാക്ക് അറുത്തു വരുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന്  നേതാവിനെ യുവമോര്‍ച്ച പുറത്താക്കിയിരുന്നു.

രാജ്യദോഹക്കുറ്റമാരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത കനയ്യകുമാറിന് കഴിഞ്ഞയാഴ്ചയാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 18 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് കനയ്യ പുറത്തിറങ്ങിയത്. ജെഎന്‍യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

Related posts