വീണ്ടും വേദന മാത്രം ബാക്കി. പ്രതീക്ഷിച്ചതു സംഭവിച്ചു. ശക്തിമാന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡെറാഡൂണ്‍ പോലീസിന്റെ കുതിരപ്പടയിലെ ശക്തിമാന്‍ എന്ന കുതിരയുടെ കാല്‍ മുറിച്ചുമാറ്റി. ഒന്നിലധികം പൊട്ടലുണ്ടായിരുന്ന കാല്‍ കമ്പിയിട്ട് പ്ലാസ്റ്റര്‍ ചെയ്യാന്‍ ഡോക്ടര്‍മാര്‍ ശ്രമം നടത്തിയെങ്കിലും പരിക്ക് സാരമുള്ളതായതിനാല്‍ ഇന്നലെ രാത്രിയോടെ കാല്‍ മുറിച്ചുമാറ്റുകയായിരുന്നു. പോലീസ് സേനയുടെ മൃഗസംരക്ഷണകേന്ദ്രത്തില്‍ ഇനി വിരസജീവിതമായിരിക്കും ശക്തിമാനെ കാത്തിരിക്കുക.
എണ്ണം കുറയുന്നു
സൗന്ദര്യംകൊണ്ടും കഴിവുകൊണ്ടും ശക്തിമാനെ മറികടക്കാന്‍ കഴിയുന്ന കുതിരകള്‍ ഡെറാഡൂണ്‍ പോലീസിലില്ലായിരുന്നു. 2012ലെ ലൈവ്‌സ്റ്റോക് സെന്‍സസ് അനുസരിച്ച് ഇന്ത്യയിലെ കുതിരകളുടെ എണ്ണം ക്രമാതീതമായി താഴുകയാണ്. 20 വര്‍ഷം മുമ്പുണ്ടായിരുന്നതിലും 24 ശതമാനം കുറവാണ് ഇപ്പോഴുള്ളത്. 1992ല്‍ 8.17 ലക്ഷം കുതിരകളായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്. 6.25 ലക്ഷം കുതിരകളാണ് ഇപ്പോഴുള്ളത്. ഇതില്‍ ഏഴു ശതമാനം സ്‌പോര്‍ട്‌സ് രംഗത്തും ബാക്കിയുള്ളവ ഗതാഗതം, ചരക്കുനീക്കം എന്നിവയ്ക്കുപയോഗിക്കുന്നു. 16 സംസ്ഥാനങ്ങളിലായി 1000ല്‍ താഴെ മാത്രമേ പോലീസിലുള്ളൂ.
എണ്ണക്കുറവിന്റെ കാരണം
പരമ്പരാഗതമായി ഗ്രാമപ്രദേശങ്ങളില്‍ ചരക്കുനീക്കത്തിനും സഞ്ചാരത്തിനുമായിരുന്നു കുതിരകളെ ഉപയോഗിച്ചിരുന്നത്. യന്ത്രവത്കരണം വന്നതോടെ കുതിരകളുടെ ജോലി കുറഞ്ഞു. ഇതോടെ രാജ്യത്തെ കുതിരകളുടെ എണ്ണത്തിലും കുറവുണ്ടായി. നിലവില്‍ 3.5 ലക്ഷം ആണ്‍കുതിരകളും 2.75 ലക്ഷം പെണ്‍ കുതിരകളുമാണ് രാജ്യത്തുള്ളത്.
സംരക്ഷണമില്ല
രാജ്യത്തെ കുതിരകളുടെ എണ്ണത്തില്‍ സാരമായ കുറവുണ്ടായെങ്കിലും മതിയായ സംരക്ഷണമൊരുക്കാന്‍ കഴിയുന്നില്ലെന്ന് മൃഗങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പെറ്റ പോലുള്ള സംഘടനകള്‍ ആരോപിക്കുന്നുണ്ട്. 1960ലെ മൃഗസംരക്ഷണ നിയമമനുസരിച്ച് മൃഗങ്ങളെ അടിക്കുക, അധിക യാത്രകള്‍ക്കുപയോഗിക്കുക, കഠിന ഭാരം ചുമത്തുക തുടങ്ങിയവ കുറ്റകൃത്യങ്ങളാണ്. മൃഗങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങളുടെ ശിക്ഷ കടുപ്പിക്കാനും നിര്‍ദേശമുണ്ടായിരുന്നു. പക്ഷേ അര നൂറ്റാണ്ട് പിന്നിട്ടിട്ടും അക്കാര്യം കടലാസില്‍ വിശ്രമിക്കുന്നു.
ശക്തിമാനെ ആക്രമിച്ചതിന് ബിജെപി എംഎല്‍എ ഗണേഷ് ജോഷിക്കെതിരേയുള്ള കുറ്റപത്രത്തില്‍ അഞ്ചു വര്‍ഷത്തെ തടവിനുള്ള കുറ്റങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമരക്കാരെ ശക്തിമാന്‍ ആക്രമിച്ചിട്ടില്ല. സമരക്കാര്‍ അടുത്തേക്കു വന്നപ്പോള്‍ പിന്നോട്ട് മാറാനാണു ശ്രമിച്ചത്. എന്നിട്ടും ആക്രമിക്കപ്പെട്ടു… വലിയൊരു അപകടത്തിലേക്ക് തള്ളിവിടപ്പെട്ടു… തിരിച്ചു വരാന്‍ പറ്റാത്തത്രയും ദൂരത്തേക്ക്…
കുതിരയുടെ കാല്‍ തല്ലിയൊടിച്ച ബിജെപി എംഎല്‍എ അറസ്റ്റില്‍
ലക്‌നോ: ഡറാഡൂണില്‍ പ്രതിഷേധത്തിനിടെ പോലീസ് കുതിരയുടെ കാല്‍ തല്ലിയൊടിച്ച സംഭവത്തില്‍ കുറ്റക്കാരനായ ബിജെപി എംഎല്‍എ ഗണേഷ് ജോഷി അറസ്റ്റിലായി. രാവിലെ ഡറാഡൂണ്‍ പോലീസാണ് ജോഷിയെ അറസ്റ്റ് ചെയ്തത്. തനിക്കെതിരായ ആരോപണം നിഷേധിച്ച എംഎല്‍എ വ്യാഴാഴ്ച കുതിരലായത്തിലെത്തി ചികിത്സയില്‍ കഴിയുന്ന കുതിരയെ സന്ദര്‍ശിച്ചിരുന്നു.
മുസൂറി എംഎല്‍എയായ ഗണേഷ് ജോഷി കഴിഞ്ഞ 14നാണ് പ്രതിഷേധ മാര്‍ച്ച് തടയാനെത്തിയ പോലീസ് സംഘത്തിലെ ശക്തിമാന്‍ എന്ന കുതിരയെ ലാത്തി ഉപയോഗിച്ച് അടിച്ചത്. ഒടിഞ്ഞുതൂങ്ങിയ കാല്‍ പിന്നീട് മുറിച്ചുമാറ്റേണ്്ടിവന്നു. സംഭവത്തില്‍ ജോഷിക്കും അനുയായികള്‍ക്കുമെതിരേ നെഹ്‌റു കോളനി പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത് അപലപിച്ചു.