കൊച്ചി: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സന്നദ്ധയാണെന്നു കാട്ടി സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനില്‍ ഹര്‍ജി നല്‍കി. ഇന്നലെ അഭിഭാഷകന്‍ മുഖേനയാണ് സരിത ഹര്‍ജി നല്‍കിയത്. ടെലിവിഷന്‍ ചാനലിലൂടെ പുറത്തുവന്ന കത്തിന്റെ പൂര്‍ണരൂപം കമ്മീഷനില്‍ ഹാജരാക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു.
കുടുംബത്തിനും കുട്ടികള്‍ക്കും പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് ഇതുവരെ കത്ത് കൈമാറാതിരുന്നത്. എന്നാല്‍, ഇപ്പോള്‍ അവരുടെ പിന്തുണയോടെയാണ് കത്ത് കൈമാറാന്‍ ഉദ്ദേശിക്കുന്നത്. കമ്മീഷനില്‍ നല്‍കിയ മൊഴികളെ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവയും ഹാജരാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. വീഡിയോ, ഓഡിയോ തെളിവുകള്‍ കമ്മീഷനില്‍ ഹാജരാക്കുമെന്ന് സരിതയുടെ അഭിഭാഷകന്‍ സി.ഡി. ജോണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കമ്മീഷനില്‍ നല്‍കിയ മൊഴികളിലെ വ്യക്തതയ്ക്കുവേണ്ടി കൂടുതല്‍ വിശദീകരണം നല്‍കും. ഈ മാസം 13ന് തെളിവുകള്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കമ്മീഷനില്‍ സരിതയുടെ മൊഴി എടുക്കല്‍ പൂര്‍ത്തിയായിരുന്നു.