വെന്തുരുകുന്ന ചൂടില്‍ ട്രാഫിക് ഡ്യൂട്ടി; വിധിയെ പഴിച്ച് പോലീസുകാരും ഹോം ഗാര്‍ഡുകളും

ktm-trafficകോട്ടയം: പകല്‍ ചൂടിന്റെ കാഠിന്യം വര്‍ധിച്ചതോടെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടിരിക്കുന്ന ട്രാഫിക് പോലീസുകാരും ഹോംഗാര്‍ഡുകളും വെന്തുരുകുന്നു.    വേനല്‍ ചൂട് ശക്തമായതിനേത്തുടര്‍ന്നു തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചെങ്കിലും ആഭ്യന്തരവകുപ്പിനു കീഴിലുള്ള പോലീസിനും ഹോം ഗാര്‍ഡിനും പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യാനാണു വിധി. സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ പൊരി വെയിലില്‍ ജോലി ചെയ്യുന്ന ട്രാഫിക് പോലീസുകാര്‍ക്കും ഹോംഗാര്‍ഡുകള്‍ക്കും രണ്ടുമണിക്കൂര്‍ ഇടവിട്ടു കുടിവെള്ളവും നാരങ്ങ വെള്ളവും വിതരണം ചെയ്യണമെന്നു ആവശ്യപ്പെട്ടു സര്‍ക്കുലര്‍ പുറത്തിറങ്ങിയതു മാത്രമാണു ഇപ്പോള്‍ ഇവര്‍ക്കുള്ള എക ആശ്വാസം.

ചൂട് ഓരോ ദിവസവും ക്രമാതീതമായി വര്‍ധിക്കുന്നതോടെ സെക്യൂരിറ്റി ജീവനക്കാര്‍ക്കും വിവിധ തൊഴില്‍ മേഖലകളില്‍ പകല്‍ സമയങ്ങളിലെ ജോലി ചെയ്യുന്നവര്‍ക്കും ഉച്ചയ്ക്കു 12 മുതല്‍ മൂന്നുവരെ വിശ്രമം അനുവദിച്ചു ലേബര്‍ കമ്മീഷണര്‍ ദിവസങ്ങള്‍ക്കു ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഏപ്രില്‍ 30 വരെയാണു സംസ്ഥാന വ്യാപകമായി തൊഴില്‍സമയം പുനഃക്രമീകരിച്ചിരിക്കുന്നത്.എന്നാല്‍ ട്രാഫിക് പോലീസും ഹോം ഗാര്‍ഡുകളും ലേബര്‍ കമ്മീഷണറുടെ അധികാരപരിധിക്കു പുറത്തായതിനാല്‍ ഇതു ബാധകമല്ലാത്ത സ്ഥിതിയാണ്.  നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ട്രാഫിക് ജംഗ്ഷനുകളില്‍ നിലയുറപ്പിച്ചിട്ടുള്ള പോലീസുകാരും ഹോംഗാര്‍ഡുകളും ചുട്ടുപൊള്ളുന്ന വെയിലില്‍ കഷ്്ടപ്പെടുകയാണ്.  ഇവര്‍ക്ക് ഏതുതരത്തില്‍ സൗകര്യമൊരുക്കുമെന്ന കാര്യത്തില്‍ ആഭ്യന്തരവകുപ്പും ആശയക്കുഴപ്പത്തിലാണ്.

ഈ സാഹചര്യത്തിലാണു രണ്ടുമണിക്കൂര്‍ ഇടവിട്ടു വെള്ളം നല്കണമെന്നുള്ള ഡിജിപിയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. ഇന്നലെ മുതല്‍ തന്നെ കോട്ടയം നഗരത്തിലെ വിവിധ പ്രദേങ്ങളില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന പോലീസുകാര്‍ക്കും ഹോം ഗാര്‍ഡുകള്‍ക്കും വെള്ളം നല്കി തുടങ്ങുകയും ചെയ്തു. ട്രാഫിക് പോലീസുകാര്‍ തന്നെയാണു പോലീസ് ജീപ്പില്‍ സഹപ്രവര്‍ത്തകര്‍ക്കു വെള്ളം എത്തിച്ചു നല്കുന്നത്. സിഗ്നല്‍ ലൈറ്റുകള്‍ ഇല്ലാത്ത ജംഗ്ഷനുകളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന എംസി റോഡിലും പോലീസും ഹോംഗാര്‍ഡും റോഡിനു നടുവില്‍ നിന്നാണു ഗതാഗതം നിയന്ത്രിക്കുന്നത്.

ഒരിലയുടെ പോലും തണലില്ലാത്തതും ചൂടിനൊപ്പം കനത്ത പൊടിയും ഏറെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ടെന്നും കൊടുചൂടില്‍ നില്ക്കുന്നതിനാല്‍ ഡ്യൂട്ടി കഴിയുമ്പോഴേക്കും വന്‍ തളര്‍ച്ചയാണു അനുഭവപ്പെടുന്നതെന്നും ഇവര്‍ പറയുന്നു. പലരും പനിയും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍മൂലം ചികിത്സയിലുമാണ്. കോഴിക്കോടും പാലക്കാടും ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ നിന്നും ട്രാഫിക് ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കു സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണു കുടിവെള്ളം നല്കാനുള്ള സര്‍ക്കുലര്‍ ഡിജിപി പുറത്തിറക്കിയത്.

Related posts