വെറും പശുവല്ല ഇത് സ്വര്‍ണപ്പശു! ഗോമൂത്രത്തില്‍ സ്വര്‍ണത്തിന്റെ അംശം കണ്ടെത്തിയ ഗോമാതാവ് സൂപ്പര്‍താരം

cow

ഇന്ത്യയിലെ തനത് ജനുസില്‍പ്പെട്ട പശുവാണ് ഗിര്‍. വലുപ്പംകൊണ്ടും പാലിന്റെ മേന്മകൊണ്ടും പ്രശസ്തമായ ഗിര്‍ ഇപ്പോള്‍ വീണ്ടും വാര്‍ത്തയില്‍ ഇടംനേടിയിരിക്കുകയാണ്. മറ്റൊന്നുമല്ല, ഇവയുടെ മൂത്രത്തില്‍ സ്വര്‍ണത്തിന്റെ അംശമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ജുനാഗഡ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ (ജെഎയു) നാലു വര്‍ഷത്തെ ഗവേഷണത്തിലാണ് ഗിര്‍ പശുക്കളുടെ മൂത്രത്തില്‍ സ്വര്‍ണത്തിന്റെ അംശമുണ്ടെന്ന് തെളിഞ്ഞിരിക്കുന്നത്. ജെഎയുവിന്റെ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയിലായിരുന്നു പരീക്ഷണം. 400 പശുക്കളുടെ മൂത്ര സാമ്പിളുകള്‍ ഇവിടെ പരിശോധിച്ചു. ഇതില്‍നിന്ന് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ മൂന്നു മുതല്‍ പത്തു മില്ലിഗ്രാം വരെ സ്വര്‍ണത്തിന്റെ അളവുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അയോണിക് രൂപത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്.

ഗ്യാസ് ക്രൊമാറ്റോഗ്രഫി-മാസ് സ്‌പെക്ട്രോമെട്രി മാര്‍ഗത്തിലാണ് ഗോമൂത്രം പരിശോധിച്ചത്. ഗോമൂത്രത്തിന്റെ ഔഷധഗുണം മനസിലാക്കിയ പൂര്‍വികര്‍ മരുന്നായി ഇത് ഉപയോഗിച്ചിരുന്നു. എന്നാല്‍, ഇതിന്റെ ശാസ്ത്രീയ വശം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജുനാഗഡ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ ബയോടെക്‌നോളജി വിഭാഗം ഗിര്‍ ഇനം പശുക്കളുടെ മൂത്രം ഗവേഷണത്തിനെടുത്തതും സ്വര്‍ണത്തിന്റെ സാന്നിധ്യം കണ്ടെത്തിയതും.
ജലത്തില്‍ ലയിച്ച രൂപത്തിലുള്ള സ്വര്‍ണം രാസപ്രക്രിയ വഴി ഖരരൂപത്തിലാക്കാമെന്നും അരിച്ചെടുക്കാമെന്നും ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ. ബി.എ. ഗോലാകിയ പറഞ്ഞു. ഒട്ടകം, പോത്ത്, ചെമ്മരിയാട്, കോലാട് എന്നിവയുടെ മൂത്രവും പരിശോധിച്ചെങ്കിലും അവയിലൊന്നും ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം കണ്ടെത്തിയില്ല. എന്നാല്‍, ഗിര്‍ പശുക്കളുടെ മൂത്രത്തില്‍ 5,100 സംയുക്തങ്ങള്‍ കണ്ടെത്തി. ഇതില്‍ 388 എണ്ണത്തിന് നിരവധി രോഗങ്ങള്‍ സുഖപ്പെടുത്താനുള്ള ഔഷധഗുണമുണ്ടെന്നും കണ്ടെത്തി. ഇപ്പോള്‍ ഇന്ത്യയിലെ 39 പ്രാദേശിക ഇനം പശുക്കളുടെ മൂത്രസാമ്പിളുകള്‍ പരിശോധിച്ചുവരുകയാണ്.

Related posts