ആലക്കോട്: വെള്ളാട് മഹാദേവ ക്ഷേത്രത്തിന്റെ കരുവഞ്ചാല്‍ ടൗണിലുള്ള മുന്നേക്കര്‍ 40 സെന്റ് സ്ഥലം സ്വകാര്യവ്യക്തികള്‍ കൈയേറിയത് തിരിച്ചുപിടിച്ച് ക്ഷേത്രത്തിനു നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് ക്ഷേത്ര സേവാസമിതിയുടെ നേതൃത്വത്തില്‍ കരുവഞ്ചാലിലുള്ള വെള്ളാട് വില്ലേജ് ഓഫീസ് ഉപരോധിച്ചു. കോടതി വിധി വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും കൈയേറ്റ സ്ഥലം തിരിച്ചുപിടിക്കുന്നതിന് അധികൃതര്‍ ഒരു നടപടികളും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം.
കരുവഞ്ചാല്‍ ടൗണില്‍നിന്നു പ്രവര്‍ത്തകര്‍ ജാഥയായി എത്തിയാണ് ഉപരോധസമരം ആരംഭിച്ചത്. ദേവസ്വം ബോര്‍ഡ് ഏരിയാ ചെയര്‍മാന്‍ കൊയ്യം ജനാര്‍ദ്ദനന്‍ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. സേവാസമിതി പ്രസിഡന്റ് പി.എം. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എല്‍. കൃഷ്ണന്‍കുട്ടി, മുന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ടി.എല്‍. ബാലകൃഷ്ണന്‍, സജി വെട്ടിക്കുഴിയില്‍ മാതൃസമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.