ചെന്നൈ: വെള്ളിത്തിരയിലെ നായകനെ പോലെ മൂവര്‍ സംഘത്തെ ഇടിച്ചൊതുക്കിയ തമിഴ്നാട് സ്വദേശി യുവതിയുടെ മാനം രക്ഷിച്ചു. ചെന്നൈ സ്വദേശിയായ വസന്ത് പോളാണ് അക്രമി സംഘത്തെ ധീരമായി നേരിട്ടു യുവതിയെ രക്ഷിച്ചത്. ഫേസ്ബുക്കിലൂടെ പോള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം രജീനകാന്തിന്റെ കബാലിയുടെ ആദ്യ ഷോ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയായിരുന്നു സംഭവമെന്ന് പോള്‍ കുറിച്ചു. ഒരു സ്ത്രീയുടെ നിലവിളി കാതില്‍ എത്തി. ആദ്യമൊരു മൃഗത്തിന്റെ കരച്ചില് പോലെ തോന്നിയത്. പിന്നീട് ആരോ സഹായത്തിനായി നിലവിളിക്കുകയാണെന്ന് മനസിലാക്കുകയായിരുന്നെന്നും പോള്‍ കുറിച്ചു.
ഓടിയെത്തിയപ്പോള്‍ മൂന്നു പേര് ചേര്‍ന്ന് ഒരു സ്ത്രീയെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നത് കാണുകയായിരുന്നു. ഓടിയെത്തിയ തന്നെ മൂവര്‍ സംഘം ആക്രമിച്ചെങ്കിലും മനഃസാന്നിധ്യം കൈവിടാതെ നേരിടുകയായിരുന്നു. സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടോടിയ യുവതി പ്രദേശത്തെ ഓട്ടോകാരന്റെ ശ്രദ്ധനേടുകയും രക്ഷപ്പെടുകയുമായിരുന്നെന്ന് പോള്‍ കുറിച്ചു.
ഇത്തരം സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ ഭയപ്പെടരുത്. തനിച്ചാണെങ്കിലും നമ്മുടെ ഭാഗത്താണ് ശരിയെങ്കില്‍ ലോകം നമ്മെ സഹായിക്കാനെത്തും. മൂവര്‍ സംഘവുമായുള്ള പോരാട്ടത്തിനിടയില്‍ തനിക്കു മുറിവേറ്റു. എന്നാല്‍ അഭിമാനമാണുള്ളതെന്നും പോള്‍ പറഞ്ഞു. മുറിവേറ്റ ചിത്രങ്ങളും പോള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം ഫേസ്ബുക്കിലിട്ട പോസ്റ്റിന് ഇതുവരെ ഒരുലക്ഷം ലൈക്കും 34,000 ഷെയറും ലഭിച്ചു.