പാലക്കാട്: വേനല്‍ കനത്തതോടെ ജില്ലയില്‍ ചൂടുയര്‍ന്നു. വേനലിനെ പ്രതിരോധിക്കുന്നതിനും സൂര്യാഘാതമേല്‍ക്കുന്നത് തടയുന്നതിനും ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. ഉച്ചക്ക് 12 മണി മുതല്‍ 3 മണിവരെ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കണം. കടുത്ത ചൂടില്‍ ദീര്‍ഘനേരം നില്‍ക്കുന്നതും ഒഴിവാക്കണം. സൂര്യാഘാതം തടയാനായി പുറം ജോലികള്‍ ചെയ്യുന്നവര്‍, കൂട്ടികള്‍, വിവിധ അസുഖ ബാധിതര്‍, പ്രായമായവര്‍, സ്വേദഗ്രന്ഥികളുടെ അഭാവമുള്ളവര്‍, കായികതാരങ്ങള്‍ തുടങ്ങിയവര്‍ കടുത്ത ചൂടുള്ള സമയങ്ങളില്‍ പുറത്തിറങ്ങി കൂടുതല്‍ സമയം ചെലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
തൊഴിലാളികളുടെ സമയക്രമം രാവിലെ എട്ട് മുതല്‍ 12 വരെയും ഉച്ചക്ക് ശേഷം മൂന്ന് മുതല്‍ വൈകുന്നേരം ആറ് മണിവരെയുമായി പുന:ക്രമീകരിച്ചിട്ടുണ്ട്.ചൂടുയരാനുള്ള സാധ്യത നിലനില്‍ക്കേ സൂര്യാഘാത ഭീതിയും വര്‍ദ്ധിക്കുകയാണ്. ശരീരോഷ്മാവ് 40 ഡിഗ്രി സെന്റീഗ്രേഡില്‍ കൂടുന്നത് ചര്‍മ്മം വരണ്ടു പോവുക, ശ്വസനം സാവധാനമാകുക, മാനസിക പിരിമുറുക്കുമുണ്ടാകുക, മസ്സില്‍ പിടുത്തം, ക്ഷീണം, കൃഷ്ണമണി വികസിക്കുക, ചുഴലി രോഗ ലക്ഷണങ്ങള്‍, ബോധക്ഷയം തുടങ്ങിയവ സംഭവിക്കും.
ഇവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളായി കണക്കാവുന്നതാണ്.ചൂടിന്റെ ആധിക്യം കാരണം തളര്‍ച്ച, ഓക്കാനം, ചര്‍ദ്ദി, നാഡി മിടിപ്പില്‍ അസാധാരണമായ മാറ്റം, മന്ദത, കടുത്ത വിയര്‍പ്പ്, വയറിളക്കം, മൂത്രത്തിന് കടുത്ത മഞ്ഞനിറം തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നവരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ചര്‍മ്മം ചുവന്നു തുടുക്കുന്നത്, ശ്വാസ തടസ്സം, പൊള്ളലേല്‍ക്കുക, കൂടിയ നാഡി മിടിപ്പ്, വിയര്‍ക്കാതിരിക്കുക എന്നീ ലക്ഷണങ്ങള്‍ താപാഘാതത്തിന്റേതാണ്.ചൂടുകൂടിയ സമയങ്ങളില്‍ പുറത്തിറങ്ങാതിരിക്കുന്നതാണ് സൂര്യാഘാതത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന മാര്‍ഗ്ഗം. എല്ലാ പ്രവൃത്തികളും ചൂടു കുറഞ്ഞ സമയം നോക്കി ക്രമീകരിക്കുക, ദിവസം 8 ഗ്ലാസ്സ് ശുദ്ധ ജലമെങ്കിലും ഇടക്കിടെയായി കുടിക്കുക, മദ്യം , കഫീന്‍ മുതലായവ ഒഴിവാക്കുക, ഇവ നിര്‍ജ്ജലീകരണത്തിന് കാരണമായേക്കാം.
ദ്രവ രൂപത്തിലുള്ള ആഹാരങ്ങള്‍ ധാരാളം കഴിക്കുക. കട്ടികുറഞ്ഞ, ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, കോട്ടണ്‍ വസ്ത്രങ്ങള്‍ പരമാവധി ഉപയോഗിക്കുക, കുട, സണ്‍ ഗ്ലാസ്സ് തുടങ്ങിയവ ഉപയോഗിക്കുക ഇതെല്ലാം ശരീരം ചൂട് ആഗിരണം ചെയ്യുന്നതിനെ തടയാന്‍ സഹായിക്കും. വീടുകളില്‍ ജനാലകള്‍ തുറന്നിട്ട് ഫാന്‍ ഉപയോഗിക്കുന്നത് വഴി വായു സഞ്ചാരം കൂട്ടുന്നതിനും ചൂട് കുറയ്ക്കുന്നതിനും സഹായിക്കും, ജനങ്ങള്‍ ഇത്തരം പ്രതിരോധങ്ങള്‍ സ്വീകരിച്ച് സൂര്യാഘാതത്തെ നേരിടുന്നതിന് സജ്ജരാകണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.