വൈപ്പിനിലെ പരാജയം: വിലയിരുത്തല്‍ യോഗത്തില്‍ സ്ഥാനാര്‍ഥി പങ്കെടുത്തില്ല

knr-congressവൈപ്പിന്‍: വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.ആര്‍. സുഭാഷ് ജനങ്ങള്‍ക്കു സ്വീകാര്യനായിരുന്നില്ലെന്ന് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് പരാജയം  ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളുടേയും മണ്ഡലം ഭാരവാഹികളുടേയും പ്രധാന പ്രവര്‍ത്തകരുടേയും യോഗത്തിലാണ് പ്രമേയത്തിലൂടെ സ്ഥാനാര്‍ഥി സ്വീകര്യനല്ലെന്നു വിലയിരുത്തലുണ്ടായത്. യോഗത്തില്‍ പക്ഷേ സ്ഥാനാര്‍ഥിയും അദ്ദേഹത്തിന്റെ അടുത്ത ചില അനുയായികളും പങ്കെടുത്തില്ല.

നാട്ടുകാരന് ഒരു വോട്ടെന്ന അഭ്യര്‍ഥന പലയിടത്തും ഫലം കണ്ടല്ലെന്നു ഒരു മണ്ഡലം പ്രസിഡന്റ് യോഗത്തില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി എസ് ശര്‍മ്മക്ക് വേണ്ടി വോട്ട് തേടിയെന്ന ആരോപണം ഞാറയ്ക്കല്‍ നായരമ്പലം മേഖലയില്‍ പ്രചരണത്തെ ബാധിച്ചെന്ന് ഇവിടങ്ങളിലെ ഭാരവാഹികള്‍ പറഞ്ഞു. പലയിടത്തും പാര്‍ട്ടിയുമായി ബന്ധമില്ലാത്തവര്‍ തെരഞ്ഞെടുപ്പു പ്രചരണങ്ങള്‍ക്കും മറ്റും നേതൃത്വമേറ്റെടുത്തതു സാധാരണ പ്രവര്‍ത്തകരെ ചൊടിപ്പിച്ചു. തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് നിര്‍ജ്ജീവമാക്കി സ്ഥാനാര്‍ഥിയുടെ വീടു കേന്ദ്രീകരിച്ചു പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ഒരുപറ്റം ആളുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍  തിരിച്ചടിയായെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഭാരവാഹികള്‍ പറഞ്ഞു.

സ്വന്തം ബൂത്തില്‍ പോലും സ്ഥാനാര്‍ഥി പിന്നിലായതിന്റെ ഉത്തരവാദിത്വം സ്ഥാനാര്‍ഥിക്കു തന്നെയാണ്. അതേ സമയം പരാജയത്തിന്റെ 60 ശതമാനം ഉത്തരവാദിത്ത്വം സ്ഥാനാര്‍ഥിക്കും ബാക്കി 40 ശതമാനം കെപിസിസി, ഡിസിസി ഭാരവാഹികള്‍ക്കുമാണെന്നും മറ്റൊരു മണ്ഡലം പ്രസിഡന്റ് യോഗത്തില്‍ അഭിപ്രായപ്പെട്ടു.  ഡിസിസി നേതൃത്വമോ മറ്റു കെപിസിസി ഭാരവാഹികളോ അറിയാതെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ ശ്രമിച്ചവര്‍ തന്നെ വിളിച്ചുകൂട്ടിയ യോഗമായതിനാലാണ് സ്ഥാനാര്‍ഥി പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു.

മാത്രമല്ല  തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസമായപ്പോള്‍ നടത്തുന്ന വിലയിരുത്തലില്‍ ഗൂഢലക്ഷ്യമുണ്ടെന്നും, പാര്‍ട്ടിയുടെ നെയ്യാര്‍ ക്യാമ്പിനുശേഷം  വിലയിരുത്തല്‍ യോഗങ്ങള്‍ നടത്തണ്ടെയെന്നുമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമെന്നും അവര്‍ പറയുന്നു. യോഗം അഡ്വ. എംവി പോള്‍ ഉല്‍ഘാടനം ചെയ്തു. എളങ്കുന്നപ്പുഴ മണ്ഡലം പ്രസിഡന്റ് കെ എച്ച് നൗഷാദ്, ഞാറക്കല്‍ മണ്ഡലം പ്രസിഡന്റ് സാജു മാമ്പിള്ളി എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ്മാരായ വി എസ് സോളിരാജ്, കെ ജി ഡോണോ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Related posts