ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി. സുധാകരനെതിരെ പരാതി സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചശേഷം തെരഞ്ഞെടുപ്പു കമ്മീഷന് കൈമാറുമെന്ന് ജില്ലാ കളക്ടര്‍ ആര്. ഗിരിജ രാഷ്ട്രദീപികയോട് പറഞ്ഞു. സംഭവം സംബന്ധിച്ച് അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷേക്ക് പി. ഹാരീസിന്റെ ചീഫ് ഇലക്്ഷന് ഏജന്റ് സുനില്ജോര്ജാണ് ഇന്നലെ കളക്ടര്‍ക്ക് പരാതി നല്‍കിയത്.
സ്വതന്ത്രമായി വോട്ടുചെയ്യുന്നത് സ്ഥാനാര്‍ഥി തടസപ്പെടുത്തിയെന്നു കാണിച്ചായിരുന്നു പരാതി. അമ്പലപ്പുഴ മണ്ഡലത്തിലെ 63-ാം നമ്പര്‍ ബൂത്തില്‍(പറവൂര്‍ ഗവ. ഹൈസ്കൂള്‍) ഇന്നലെ വൈകുന്നേരം 4.15നാണ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും കുടുംബാംഗങ്ങളുമായി വോട്ടു ചെയ്യാനെത്തിയത്.
വി.എസ്. വോട്ടു രേഖപ്പെടുത്തുമ്പോള്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ജി. സുധാകരന് അദ്ദേഹത്തിനടുത്തെത്തി വോട്ടിംഗ് മെഷീനില്‍ നോക്കി രണ്ടാമത്തെ ചിഹ്നമാണെന്നു പറയുകയും വോട്ടിംഗിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിയെന്നുമാണ് പരാതി. സ്ഥാനാര്‍ഥി വോട്ടര്‍ക്കൊപ്പം കയറിയത് സ്വതന്ത്രമായി ഇഷ്ടമുള്ളവര്‍ക്കു വോട്ടുചെയ്യാനുള്ള അവകാശം നിഷേധിക്കുകയാണു ചെയ്തതെന്നു പരാതിയില്‍ പറയുന്നു. പോളിംഗ് നടപടികള്‍ ഇവിടെ അരമണിക്കൂറോളം തടസപ്പെട്ടതായും ഈ നടപടി തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അതിനാല്‍ തെരഞ്ഞെടുപ്പു ചട്ടമനുസരിച്ചുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വോട്ടര്‍ക്കല്ലാതെ മറ്റൊരാള്‍ക്ക് കടന്നു ചെല്ലാന്‍ വിലക്കുള്ള വോട്ടിംഗ് മെഷീനരികിലേയ്ക്കു ചട്ടം ലംഘിച്ചു കടന്നുചെന്ന് വോട്ടറെ സ്വാധീനിച്ചു തനിക്കനുകൂലമായി വോട്ടു ചെയ്യിച്ച നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ആരോപിച്ചു.
ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനു രക്തബന്ധം ഉള്ളവര്‍ സത്യവാംഗ്മൂലം നല്കി വേണം വോട്ടറെക്കൊണ്ട് ഓപ്പണ്‍ വോട്ട് ചെയ്യിക്കാന്‍ എന്നിരിക്കെ വി.എസിന്റെ മകനോടെപ്പം പോളിംഗ് സ്റ്റേഷനില്‍ കടന്നുചെന്ന് മെഷീനരികില്‍ രണ്ടാണ് എന്റെ ചിഹ്നം എന്നു പറയുകയും, വി.എസ് വോട്ടു ചെയ്യുന്നത് എത്തി നോക്കിയതും ജനപ്രാതിനിത്യ നിയമം സെക്ഷന്‍ 128 പ്രകാരം ചട്ട ലംഘനമാണ്. ഈ ചട്ടലംഘനം ചൂണ്ടിക്കാട്ടി ജില്ലാ വരണാധികാരിക്കും, സംസ്ഥാന വരണാധികാരിക്കും പരാതി നല്‍കിയതായും, പരാതിയിന്മേല് അടിയന്തിര നടപടി സ്വീകരിച്ച് ചട്ട ലംഘനത്തിന് സുധാകരനെ അയോഗ്യനാക്കണമെന്നും ഷുക്കൂര്‍ ആവശ്യപ്പെട്ടു.