വോട്ടുചെയ്യൂ… ഓര്‍മപ്പെടുത്തലുമായി വോട്ടുവണ്ടി ഓടിതുടങ്ങി

tcr-electionതൃശൂര്‍: ജനാധിപത്യസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും സമ്പുഷ്ടമാക്കുന്നതിനും ഓരോ സമ്മതിദായകനും മൗലികാവകാശമായി ലഭിച്ച വോട്ടവകാശം കൃത്യമായി വിനിയോഗിക്കണമെന്ന ഓര്‍മപ്പെടുത്തലുമായി വോട്ടുവണ്ടി പ്രയാണമാരംഭിച്ചു. തൃശൂര്‍ വടക്കേ ബസ് സ്റ്റാന്‍ഡ്, ശക്തന്‍ സ്റ്റാന്‍ഡ്, കോര്‍പറേഷന്‍ ഓഫീസ് പരിസരം എന്നിവിടങ്ങളില്‍ വോട്ടുവണ്ടി പര്യടനം നടത്തി. ഇന്നു വടക്കാഞ്ചേരി നിയോജകമണഡലത്തിലെ തിരൂര്‍, അത്താണി, വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡ്, ഓട്ടുപാറ, മുളങ്കുന്നത്തുകാവ്, മുണ്ടത്തിക്കോട് എന്നിവിടങ്ങളില്‍ വോട്ടുവണ്ടിയെത്തും.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനായി ആവിഷ്കരിച്ച പരിപാടിയുടെ ഭാഗമായാണ് വോട്ടുവണ്ടി സജ്ജീകരിച്ചിരിക്കുന്നത്.  വോട്ടര്‍മാര്‍ക്കും കന്നി വോട്ടര്‍മാര്‍ക്കും വോട്ടു ചെയ്തു നോക്കുന്നതിനായി അഞ്ച് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ ഇംഗ്ലീഷിലും മലയാളത്തിലും തയാറാക്കിയ കാര്‍ട്ടൂണുകളും പ്രദര്‍ശനത്തിലുണ്ട്.

കഥാപ്രസംഗം, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ വിവിധ പരിപാടികളാണ് ബോധവത്കരണത്തിനായി ആവിഷ്കരിച്ചിട്ടുള്ളത്. ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ സിസി ടിവി സംവിധാനത്തിലൂടെയും പ്രാദേശിക ചാനലുകളിലൂടെയും വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഹ്രസ്വ വീഡിയോ സന്ദേശം സംപ്രേഷണം ചെയ്യാനും പരിപാടിയുണ്ട്. വിവിധ എഫ്.എം റേഡിയോ നിലയങ്ങളിലൂടെയും ബോധവത്കരണ സന്ദേശങ്ങള്‍ പ്രക്ഷേപണം ചെയ്യും. കേരള കലാമണ് ഡലം, സംഗീതനാടക അക്കാദമി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ ആവിഷ്കരിച്ചിട്ടുള്ളത്.

അയ്യന്തോള്‍ സിവില്‍ സ്റ്റേ ഷന്‍ പരിസരത്തുനടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി. രതീശന്‍ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.  തൃശൂര്‍ സബ് കളക്്ടര്‍ ഹരിത വി.കുമാര്‍, ഇരിങ്ങാലക്കുട നിയോജകമണ്ഡലം വരണാധികാരി കൂടിയായ ജില്ലാ ലേബര്‍ ഓഫീസര്‍ എം.വി. ഷീല, സ്‌പെഷല്‍ തഹസില്‍ദാര്‍ എം.ബി. ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts