ഗിരീഷ് പരുത്തിമഠം
ചാലക്കുടിയുടെ മുത്ത് കേരളത്തിന്റെ സ്വത്തായിരുന്നു. ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല ആ പരിണാമം. നിറഞ്ഞ സദസ്സുകളില്‍ അനുകരണകലയുടെ അത്ഭുതമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചും നാട്ടുമൊഴിചന്തമാര്‍ന്ന നാടന്‍പാട്ടുകള്‍ ഹൃദയത്തുടിപ്പുകളോട് ചേര്‍ത്തു പിടിക്കാന്‍ പ്രേരിപ്പിച്ചും ആ രണ്ടക്ഷരം പതിയെ വെള്ളിത്തിരയില്‍ രംഗപ്രവേശം ചെയ്തു. അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവറായി അരങ്ങേറ്റം. പത്തു വര്‍ഷത്തിനു ശേഷം ആ കലാകാരന്‍ മറ്റൊരു സിനിമയില്‍ വീണ്ടും ഓട്ടോ ഡ്രൈവറായി പ്രത്യക്ഷപ്പെട്ടു. പക്ഷെ, അതിനിടയില്‍ സംസ്ഥാന, ദേശീയ തലങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റിയ മികച്ച അഭിനേതാവായി അദ്ദേഹം ദക്ഷിണേന്ത്യന്‍ ചലച്ചിത്രരംഗത്ത് കയ്യൊപ്പ് ചാര്‍ത്തിക്കഴിഞ്ഞിരുന്നു. വൈവിധ്യങ്ങളായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ മഹാഭാഗ്യം സിദ്ധിച്ച കലാകാരന്‍ കൂടിയായിരുന്നു കലാഭവന്‍ മണിയെന്ന് ആ ജീവചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും.
സല്ലാപത്തിലെ കള്ളുചെത്തുകാരനായ രാജപ്പന്‍ മണിയുടെ അഭിനയജീവി തത്തിലെ ആദ്യത്തെ ശ്രദ്ധേയമായ കഥാപാത്രം മാത്രമല്ല, വ്യത്യസ്തത സ്വീകരിക്കുന്നതിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറാണെന്ന നടന്റെ തന്റേടം കൂടി ബോധ്യപ്പെടുത്തുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ കാഴ്ചയുടെ വെളിച്ചം നഷ്ടമായ രാമുവിനെ യും കരുമാടിക്കുട്ടനിലെ നിഷ്കള ങ്കനായ കുട്ടനെയും മലയാളത്തിന് മറക്കാനാവുമോ.. ഈ രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തത് വിനയനാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന ഈ കഥാപാത്രങ്ങളെ സംവിധായകന്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ മണിക്ക് കൈമാറിയപ്പോള്‍, ആ വിശ്വാസം നിലനിറുത്തിക്കൊണ്ട്, രാമുവും കുട്ടനും തന്റെ കൈകളില്‍ സുരക്ഷിതരാണെന്ന് അദ്ദേഹം തെളിയിച്ചു.
വി.എം വിനുവിന്റെ കണ്‍മഷിയിലെ മുരുകനും ഭദ്രന്റെ വെള്ളിത്തിരയിലെ വാക്കത്തി വാസുവും രണ്ടു തലങ്ങളിലാണ് പ്രേക്ഷകനുമായി സംവദിക്കുന്നത്. കണ്ണിനും കണ്ണാടിക്കും എന്ന ചിത്രത്തിലെ പ്രാവിനെയും കറന്‍സിയിലെ ഇരുട്ടിനെയും താരതമ്യം ചെയ്യാനാകില്ല. എന്നാല്‍ പ്രാവും ഇരുട്ടും അതാത് ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ വിളിപ്പേരുകളാണ്. അഥവാ ആ പേരുകളില്‍ അന്വേഷിച്ചാലേ നാട്ടില്‍ അവരെ അറിയാനാകൂ. ചാക്കോ രണ്ടാമനിലെ ഒറ്റച്ചവിട്ട് ചാക്കോ, മത്സരത്തിലെ കുപ്പിക്കണ്ടം ഹംസ, നളചരിതം നാലാം ദിവസത്തിലെ മൈന, ട്വന്റി-ട്വന്റിയിലെ കരിങ്കല്‍ പാപ്പച്ചന്‍, ബ്ലാക്ക് സ്റ്റാലിയനിലെ ബ്ലാക്ക്, ചേകവരിലെ ഗരുഡന്‍ രാഘവന്‍, ആമേനിലെ ലൂയി പാപ്പന്‍, ലോകാ സമസ്തയിലെ ചിതല്‍ രാജന്‍ എന്നിങ്ങനെ നീളുന്നു ആ പട്ടിക. മനസ്സില്‍ നന്മയുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മണി ജീവിതത്തിലും അതേ ആദര്‍ശം പാലിച്ചിരുന്നുവെന്നത് സുഹൃത്തുക്കളും നാട്ടുകാരും ആവര്‍ത്തിക്കുന്നു. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും മൗലികമുദ്ര പതിപ്പിച്ച മണിയുടെ വില്ലന്‍ കഥാപാത്രങ്ങള്‍ക്കും സ്വതസിദ്ധമായ വൈവിധ്യം ചാര്‍ത്തുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു.
നായകനൊത്ത വില്ലനായി അദ്ദേഹം സെല്ലുലോയിഡില്‍ നിറഞ്ഞുനിന്നു. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, ബുള്ളറ്റ്, ഒരിടത്തൊരു പോസ്റ്റുമാന്‍, ഒരു സ്മാള്‍ ഫാമിലി, മനുഷ്യമൃഗം, ഫെയ്‌സ് ടു ഫെയ്‌സ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, അയാളും ഞാനും തമ്മില്‍, കൊന്തയും പൂണുലും എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളില്‍ പോലീസ് വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള മണിയുടെ ഛോട്ടാ മുംബൈയിലെ നടേശന്‍ വില്ലന്മാരില്‍ കേമനാണ്.
മലയാളത്തില്‍ വിജയം കൊയ്ത ദൃശ്യം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ കമലഹാസനാണ് നായകന്‍. മുരടന്‍ സ്വഭാവക്കാരനായ, പരുക്കനായ പെരുമാള്‍ എന്ന പോലീസ് കോണ്‍സ്റ്റബിളിനെ അനായാസമായ കയ്യടക്കത്തോടെ അവതരിപ്പിച്ചതും നമ്മുടെ സ്വന്തം മണി തന്നെ. 1971 ലെ പുതുവര്‍ഷദിനത്തില്‍ ഭൂമിയില്‍ അവതാരമെടുത്ത മണി രാമന്‍ പ്രാരാബ്ധങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച്, കലാഭവന്‍ മണിയായ് മഹാവിസ്മയങ്ങള്‍ സൃഷ്ടിച്ച്, ഒടുവില്‍ തന്റെ 45 -ാമത്തെ വയസ്സില്‍ നിശ്ശബ്ദനായി യാത്രയായി. എന്തായാലും, തീര്‍ത്തും അപ്രതീക്ഷിതമായി മണി വിട ചൊല്ലിയപ്പോള്‍ കലാകേരളത്തിന് ആ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവുന്നില്ല.