വ്യാജക്കള്ളും സെക്കന്‍ഡ്‌സ് മദ്യവും ഷാപ്പുകളില്‍ വിതരണം ചെയ്യാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

KTM-TODDYകോട്ടയം: കള്ളിന്റെ ലഭ്യത കുറഞ്ഞതോടെ വ്യാജക്കള്ളും സെക്കന്‍ഡ്‌സ് മദ്യവും ഷാപ്പുകളില്‍ വിതരണം ചെയ്യാന്‍ സാധ്യതതെന്നു എക്‌സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നു കള്ളുഷാപ്പുകളില്‍ പരിശോധന നടത്തി കള്ളിന്റെ സാമ്പിള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു എക്‌സൈസ് നിര്‍ദേശം നല്കി. പാലക്കാടന്‍ പ്രദേശത്തുനിന്നുള്ള വരവ് കള്ളിന്റെ പരിശോധന പേരിനു മാത്രമായതോടെ വരവ് കള്ളിലും മായം ചേര്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്കുന്നു.

പാലക്കാട് ജില്ലയില്‍ മാത്രം രണ്ടായിരത്തോളം തോപ്പുകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കള്ള് 200 വണ്ടികളിലാണു കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത്. നിലവിലുള്ള സംവിധാനം ഉപയോഗിച്ചു പെര്‍മിറ്റും കള്ളിന്റെ അളവും ശരിയാണോ എന്നു മാത്രമേ പരിശോധിക്കാനാവു. ഓരോ വണ്ടിയിലെയും കള്ള് പരിശോധനക്കു വിധേയമാക്കാന്‍ സംവിധാനമില്ല. അതിനാല്‍ വ്യാജക്കള്ള് കൊണ്ടുപോയാലും അധികൃതര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയുകയില്ല.

സെക്കന്‍ഡ്‌സ് മദ്യം കള്ളുഷാപ്പുകളില്‍ വിതരണം ചെയ്യാന്‍ നീക്കമുണ്ട് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ പ്രത്യേകം നിര്‍ദേശം നല്കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലെ കള്ളുഷാപ്പുകളില്‍ സെക്കന്‍ഡ്‌സ് മദ്യം വിതരണം ചെയ്യാന്‍ നീക്കമുണ്ടെന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.

കേരളത്തില്‍ മദ്യദുരന്തത്തിന് സാധ്യതയുണ്ടെന്ന പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഗൗരവത്തോടെയാണ് അധികൃതര്‍ വിലയിരുത്തുന്നത്. എല്‍ഡിഎഫ് വന്നാലും ബാറുകള്‍ തുറക്കില്ല എന്ന നിലപാട് സ്വീകരിച്ചതോടെ ഇപ്പോഴത്തെ മദ്യനയം തെറ്റാണെന്നു വരുത്തിതീര്‍ക്കുന്നതിനു മദ്യദുരന്തമുണ്ടാക്കാന്‍ ശ്രമമെന്നാണ് പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

Related posts