മുണ്ടക്കയം: ബൈക്ക് ഷോറൂം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് 35-ാം മൈലില്‍ ഇന്നു ഹര്‍ത്താലാചരിക്കും. സംഭവത്തിന്റെ തുടര്‍ച്ചയെന്നോണം സിപിഎം പ്രവര്‍ത്തകരായ മൂന്നുപേര്‍ക്കു വെട്ടേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇന്നു വൈകുന്നേരം നാലിന് പ്രതിഷേധപ്രകടനവും യോഗവും നടക്കും. സംഭവത്തെത്തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു.
ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ അക്രമി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ മൂന്നു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാളെ മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബൈക്ക് ഷോറൂം തകര്‍ത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഇന്നലെ വൈകുന്നേരം പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് ഷോറൂം അടിച്ചു തകര്‍ത്ത കേസില്‍ പോലീസ് അന്വേഷിക്കുന്ന ഷിബു എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തെത്തിയത്. ഇവരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം ദേശീയ പാത ഉപരോധമായി മാറി. 15 മിനിട്ടോളം ഉപരോധം നീണ്ടു. ഇതിനിടെ പോലീസ് എത്തി വ്യാപാരികളുമായി ചര്‍ച്ച നടത്തി. ഇന്ന് രാവിലെ പത്തരയ്ക്കകം പ്രതികളെ അറസ്റ്റു ചെയ്യാമെന്ന ധാരണയില്‍ ഉപരോധം പിന്‍വലിച്ചു.
വ്യാപാരികള്‍ പിരിഞ്ഞു പോയിക്കഴിഞ്ഞ് ഏതാനും സമയം കഴിഞ്ഞപ്പോള്‍ വൈകുന്നേരം ആറരയോടെ ഷിബു എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം 35-ാം മൈലിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന സിപിഎം കൊക്കയാര്‍ ലോക്കല്‍ സെക്രട്ടറി ആര്.ചന്ദ്രബാബുവിനെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി. സംഭവം കണ്ട് ഓടിവന്ന ചന്ദ്രബാബുവിന്റെ മകന് പേരൂര്‍ വീട്ടില്‍ അഭിരാം (21) തടസം പിടിച്ചപ്പോള്‍ വടിവാള്‍ കൊണ്ട് അഭിരാമിന്റെ കൈക്ക് പരിക്കേറ്റു.
പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ബോയ്സ് എസ്റ്റേറ്റ് സിഐടിയു കണ്‍വീനര്‍ വി.ആര്.സുഭാഷിനും മുന്‍ പഞ്ചായത്തംഗം വലിയപുരയ്ക്കല്‍ വീട്ടില്‍ ഡി.സുഗുണനും വെട്ടേറ്റു. മൂവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തുണ്ടായിരുന്ന പോലീസുകാരനും മര്‍ദനമേറ്റതായി പറയുന്നു. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് ഷിബുവിനെ കീഴ്പ്പെടുത്തി പോലീസിന് കൈമാറി. സംഘര്‍ഷത്തിനിടെ ഷിബുവിന് പരിക്കേറ്റിരുന്നു. ഇയാളെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.