കഴക്കുട്ടം : കഠിനംകുളം പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് മത്സ്യബന്ധനത്തിനിടെ തിരയില്‍പ്പെട്ട് എന്‍ജിന്‍ ഘടിപ്പിച്ച വള്ളം തകര്‍ന്നു. മത്സ്യബന്ധന ഉപകരണങ്ങളും വള്ളത്തില്‍ ഘടിപ്പിച്ചിരുന്ന രണ്ട് എന്‍ജിനുകളും പൂര്‍ണമായും നശിച്ചു. വള്ളത്തിലുണ്ടായിരുന്ന മൂന്നു മത്സ്യത്തൊഴിലാളികള്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ ആറോടെ പെരുമാതുറ കഠിനംകുളം ശാന്തിപുരം സ്വദേശി സ്‌റ്റെല്ലസ് (65) മറ്റു രണ്ട് പേരുമൊത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടരിക്കേ ശക്തമായ തിരയടിച്ചു.
തിരമാലയില്‍പ്പെട്ട് നിയന്ത്രിണം വിട്ട് വള്ളം മറിയുകയായിരുന്നു.വള്ളത്തിലുണ്ടായിരുന്ന മൂന്നംഗ സംഘം നിസാര പരിക്കുകളോടെ നീന്തി കരയ്ക്ക് കയറി. ഇതിനിടെ തിരയില്‍ പ്പെട്ട വള്ളം വീണ്ടും ശക്തമായ തിരയടിച്ച് ഹാര്‍ബറിന്റെ പുലിമുട്ടിലുള്ള പാറക്കെട്ടില്‍ അടിച്ച് കയറുകയും ചെയ്തു.വള്ളം ഇനി ഉപയോഗശൂന്യമാണെന്നും ഏകദേശം ഒരു ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായതായും കഠിനംകുളം പോലീസ് പറഞ്ഞു