വൈക്കം: വാഹനങ്ങളില്‍ അനധികൃതമായി ശക്തിയേറിയ ലൈറ്റുകള്‍ സ്ഥാപിച്ച രണ്ട് കാറുകളും ആറു ബൈക്കുകളും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടി. വാഹനങ്ങളില്‍നിന്ന് ലൈറ്റുകള്‍ നീക്കംചെയ്ത് പിഴ ഇടാക്കി ഇവരെ താക്കീത് ചെയ്തശേ ഷമാണ് വാഹനങ്ങള്‍ വിട്ടുനല്‍കിയത്. കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ബുള്ളറ്റ് അടക്കമുള്ള വാഹനങ്ങള്‍ക്കെതിരെയും വരുംദിവസങ്ങളില്‍ നടപടി ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഏതാനും മാസം മുമ്പ് എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ അനധികൃതമായി ലൈറ്റുകള്‍ അടക്കമുള്ളവ സ്ഥാപിച്ച വാഹന ഉടമയില്‍നിന്ന് വൈക്കം ജോയിന്റ് ആര്‍ടിഒ ഓഫീസ് അധികൃതര്‍ 60,000 രൂപ പിഴ ഈടാക്കിയിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന തരത്തില്‍ വാഹനങ്ങളില്‍ അഡീഷണല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ താത്കാലികമായി റദ്ദാക്കുന്ന കടുത്ത നടപടികളിലേക്കു നീങ്ങാനാണ് അധികൃതരുടെ തീരുമാനം. എംവിഐ ചന്ദ്രഭാനു, എഎംവിഐമാരായ എസ്.ബിനേഷ്, വി.ബിജു എന്നിവരുടെ നേതൃത്വത്തിലാണ് വാഹനപരിശോധന നടന്നത്.