തിരുവനന്തപുരം: ശബരിമലയില്‍ ഋഷിശ്വരന്‍മാരും പൂര്‍വികന്‍മാരും നിലനിര്‍ത്തി വന്നിരുന്ന ആചാരഅനുഷ്ഠാനങ്ങള്‍ക്ക് ഒരു കോട്ടവും തട്ടാതെ കാത്ത് സൂക്ഷിക്കണമെന്ന് അഖില ഭാരത അയ്യപ്പസേവാസംഘം തിരുവനന്തപുരം യൂണിയന്‍ പ്രമേയം പാസ്സാക്കി. ശബരിമലയില്‍ സത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. 10 വയസിനും 50 വയസിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് നിയന്ത്രണമാണുള്ളത്. ശബരിമലയിലെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വ്യതിയാനം വരുത്തരുതെന്നും അഖില ഭാരത അയ്യപ്പസേവാസംഘത്തിന്റെ യോഗത്തില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തരുതെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടൊപ്പം ചേര്‍ന്ന് ഒരു കോടി ഭക്തജനങ്ങള്‍ ഒപ്പിട്ട ഭീമഹര്‍ജി രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് നല്‍കാനും തീരുമാനിച്ചു. ഒപ്പ് ശേഖരണത്തിനായി ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഈ മാസം 29 ന്് ശംഖുമുഖം കടപ്പുറത്ത് വച്ച് വിശാല സമ്മേളനം നടത്താനും യോഗത്തില്‍ തീരുമാനിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജയകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗം കുമാരന്‍ അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ജനറല്‍ സെക്രട്ടറി പി. വേലായുധന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി വെങ്ങാനൂര്‍ നാരായണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.