ശ്രീനിവാസന് ഇരട്ടി മധുരമായി ദേശീയ അധ്യാപക അവാര്‍ഡ്

KNR-TEACHERകൂത്തുപറമ്പ്: നരവൂര്‍ സൗത്ത് എല്‍പി സ്കൂള്‍ മുഖ്യാധ്യാപകന്‍ പി. ശ്രീനിവാസന് ഇരട്ടി മധുരമായി ദേശീയ അധ്യാപക അവാര്‍ഡ്. പൊതു വിദ്യാലയങ്ങളുടെ പുരോഗതിക്ക് സമൂഹത്തിനൊപ്പം അധ്യാപകര്‍ക്കും വലിയൊരു പങ്ക് വഹിക്കാനുണ്ടെന്ന് പ്രവര്‍ത്തനത്തിലൂടെ തെളിയിച്ച ഇദ്ദേഹത്തിന് 2014ല്‍ സംസ്ഥാന അധ്യാപക അവാര്‍ഡും ലഭിച്ചിരുന്നു. കൂത്തുപറമ്പിന് സമീപം നരവൂര്‍ സൗത്ത് എല്‍പി സ്കൂളിലേക്കു കടന്നു വരുന്ന ആര്‍ക്കും ഈ വിദ്യാലയത്തിന്റെ വ്യത്യസ്തത മനസിലാക്കാനാകും. പരിമിതികള്‍ക്കിടയില്‍ നിന്നും വിദ്യാലയത്തെ പുരോഗതിയുടെ പടവുകളിലൂടെ നയിച്ച് മാതൃകാ വിദ്യാലയമാക്കി മാറ്റിയതില്‍ മുഖ്യാധ്യാപകനായ ശ്രീനിവാസന്‍ വഹിച്ച പങ്ക് ഏറെ വലുതാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല.

സ്കൂളിന്റെ വികസനത്തിനായി 10 വര്‍ഷത്തേക്കുള്ള പ്രോജക്ട് മുന്‍കൂട്ടി തയാറാക്കി. അതോടെ കുണ്ടും കുഴിയും നിറഞ്ഞ ക്ലാസുമുറികളിലെ നിലം സിമന്റിട്ട് മോടി കൂട്ടി. മികച്ച സൗകര്യത്തോടെയുള്ള അടുക്കള, ബാത്ത് റൂം, സ്കൂള്‍ വളപ്പില്‍ ജൈവ പച്ചക്കറി കൃഷി എന്നിങ്ങനെ പോകുന്നു സ്കൂളിലുണ്ടായ പുരോഗതി. കൂത്തുപറമ്പ് സബ്ജില്ലയില്‍ ആദ്യമായി കംപ്യൂട്ടര്‍ ലാബ് സൗകര്യമൊരുക്കിയെന്ന ബഹുമതിയും ഈ സ്കൂള്‍ നേടി. വിദ്യാര്‍ഥികളുടെ നൈസര്‍ഗികമായ കഴിവ് പ്രോത്സാഹിപ്പിക്കാനും പ്രകടിപ്പിപ്പിക്കാനും ഒട്ടേറെ പരിപാടികള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ സംഘടിപ്പിച്ചു.

1981ലാണ് ശ്രീനിവാസന്‍ അധ്യാപക രംഗത്തേക്ക് കടന്നുവരുന്നത്. മട്ടന്നൂര്‍ ഗവ. യുപി സ്കൂള്‍, ചാവശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ശിവപുരം എല്‍പി സ്കൂള്‍, കോഴിക്കോട്ടെ വെള്ളിയോട് ഗവ. എല്‍പി സ്കൂള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് ഇദ്ദേഹം സ്വദേശമായ നരവൂര്‍ സൗത്ത് എല്‍പി സ്കൂളില്‍ അധ്യാപകനായി എത്തിയത്. 2009 മുതല്‍ മുഖ്യാധ്യാപകനാണ്. എസ്എസ്എയുടെ ശാസ്ത്ര പുസ്തകം തയാറാക്കുന്ന വിദഗ്ധ സംഘത്തിലെ അംഗമായും ശാസ്ത്രാധ്യാപകര്‍ക്ക് പരിശീലനം നല്കുന്ന ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് അംഗമായും പ്രവര്‍ത്തിക്കുന്നു.

ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ച വിവരം കേന്ദ്രമാനവ വിഭവശേഷി വകുപ്പില്‍ നിന്നാണ് ഇദ്ദേഹത്തിന് കഴിഞ്ഞദിവസം ലഭിച്ചത്. അധ്യാപക ദിനമായ അഞ്ചിന് ഡല്‍ഹി വിഖ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാര്‍ഡ് ഇദ്ദേഹം രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങും. സമൂഹത്തിന്റെ പങ്കാളിത്തത്തോടെ തന്റെ വിദ്യാലയത്തെ മെച്ചപ്പെടുത്താന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായി മാറുകയാണ് ശ്രീനിവാസന് ഈ അവാര്‍ഡ്. കോളയാട് സെന്റ് സേവ്യേഴ്‌സ് യുപി സ്കൂള്‍ അധ്യാപിക ശ്രീജയാണ് ഭാര്യ. വിദ്യാര്‍ഥികളായ അക്ഷയ് ശ്രീനിവാസ്, അഞ്ജലി ശ്രീനിവാസ് എന്നിവര്‍ മക്കളാണ്.

Related posts