ശ്രീലങ്കയിലെ പ്രളയം, 200 പേരെ കാണാതായി

sreeകൊളംബോ: ശ്രീലങ്കയില്‍ കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 40 ആയി ഉയര്‍ന്നു. കാണാതായ 200 പേരെക്കുറിച്ച് ഇനിയും വിവരമില്ല. മധ്യലങ്കയിലെ സിരിപുര, പാലേബാഗ്, എലങ്കാപിറ്റിയ ഗ്രാമങ്ങളിലാണ് പ്രധാനമായും മണ്ണിടിച്ചിലുണ്ടായതെന്നും 200 പേരെ കാണാതായെന്നും ദുരന്തനിവാരണ സേന വക്താവ് പ്രദീപ് കോടിപ്പിള്ളി പറഞ്ഞു.

കൊളംബോയുടെ വടക്ക് കിഴക്കന്‍ മേഖലയായ കെങ്കലെയിടെ രണ്ട് ഗ്രാമങ്ങള്‍ പൂര്‍ണമായും മണ്ണിനടിയിലായി. 81,216 കുടുംബങ്ങള്‍ വെള്ളത്തില്‍ ചുറ്റപ്പെട്ട് കഴിയുകയാണെന്ന് സൈനിക വക്താവ് ജയന്ത് ജയവീര അറിയിച്ചു.

300 സൈനികരെയാണ് രക്ഷാപ്രവര്‍ത്തനത്തിനായി നി യോഗിച്ചിരിക്കുന്നത്. ആര്യങ്കെ ഗ്രാമത്തില്‍ കുടുങ്ങിക്കിടന്ന 180 പേരെ രക്ഷിക്കുകയും ഇവിടെനിന്നു 13 മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പലേടങ്ങളിലായി ഉണ്ടായ മണ്ണിടിച്ചില്ലില്‍ 66 വീടുകള്‍ തകര്‍ന്നിരുന്നു.

തലസ്ഥാന നഗരമായ കൊളംബോയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങള്‍ എല്ലാം വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് സ്കൂളുകള്‍ക്കു അവധി പ്രഖ്യാപിച്ചു. 22 ജില്ലകളിലെ ഭൂരിഭാഗം സ്ഥലങ്ങളിലും 200 മില്ലിമീറ്ററിനു മുകളിലാണ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്.

Related posts