ഷാബി ദാസിന്റെ കുടുംബത്തിനുതാങ്ങേകാന്‍ ബസ് ഉടമകളും ജീവനക്കാരും

ktm-sahayamകറുകച്ചാല്‍: കാരുണ്യവീഥിയില്‍ സര്‍വീസ് നടത്തി ഷാബി ദാസിന്റെ കുടുംബത്തിനു സഹായഹസ്തവുമായി സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും. നാടിനെ നടുക്കുമായിരുന്ന വന്‍ ദുരന്തം വഴിമാറ്റി മരണത്തിനു കീഴടങ്ങിയ സ്വകാര്യ ബസ് ഡ്രൈവര്‍ നെടുംകുന്നം പനയം തെങ്ങില്‍ ഷാബി ദാസ് (ജോയി-45)ന്റെ കുടുംബത്തെ സഹായിക്കാനാണ് ചങ്ങനാശേരി-കാവനാല്‍ കടവ് റൂട്ടിലെ റൈസിംഗ് സണ്‍, ചങ്ങനാശേരി-മുണ്ടക്കയം റൂട്ടിലെ ആഷ എന്നീ സ്വകാര്യ ബസുകള്‍ ഇന്നലെ സര്‍വീസ് നടത്തിയത്.

ഇന്നലത്തെ വരുമാനം മുഴുവന്‍ ഇവര്‍ ഇതിനായി മാറ്റിവച്ചു. റൈസിംഗ് സണ്‍ ബസിലെ ഡ്രൈവറായിരുന്നു ഷാബി ദാസ്. ജൂണ്‍ ഒമ്പതിനു രാവിലെ 8.30-ന് കാവനാല്‍ കടവില്‍നിന്നും ചങ്ങനാശേരി സര്‍വീസ് നടത്തുമ്പോള്‍ കറുകച്ചാല്‍ പഞ്ചായത്ത് ജംഗ്ഷനില്‍വച്ചാണ് ഷാബിദാസിനു ഹൃദയാഘാതം സംഭവിക്കുന്നത്. ബസിലെ യാത്രക്കാര്‍ക്ക് ഒരു പോറല്‍പോലും ഏല്‍ക്കാതെ ഷാബി ദാസ് ബസ് വഴിസൈഡിലൊതുക്കി തുടര്‍ന്നു കുഴഞ്ഞുവീണ ഷാബിദാസിനു കോട്ടയം മെഡിക്കല്‍ കോളജില്‍വച്ച് മരണം സംഭവിച്ചു. ഷാബിദാസിന്റെ മരണത്തോടെ ആശ്രയമറ്റ ഭാര്യക്കും മകള്‍ക്കും സാന്ത്വനമരുളാന്‍ സ്വന്തമായി വീടും സ്ഥലവും വാങ്ങി നല്‍കാന്‍ ചങ്ങനാശേരി പ്രത്യാശ ടീം ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരിയും നെടുംകുന്നം പഞ്ചായത്തും ചേര്‍ന്നു ഷാബി ദാസ് കുടുംബസഹായ സമിതി രൂപീകരിച്ച് കഴിഞ്ഞ 17-ന് 5,85,500 രൂപ സമാഹരിച്ചു. ഈ നിധിയിലേക്ക് സംഭാവന നല്‍കാനാണ് ഇന്നലെ ഇരു ബസുകളും സര്‍വീസ് നടത്തിയത്.

ഇന്നലത്തെ സര്‍വീസില്‍നിന്നും ലഭിച്ചതില്‍ ചെലവു കഴിഞ്ഞുള്ള മുഴുവന്‍ തുകയും സഹായസമിതിക്കു കൈമാറും. ബസിലെ യാത്രക്കാരും ഈ സംരംഭത്തിനു സര്‍വാത്മനാ സഹകരിച്ചു. ചിലര്‍ ടിക്കറ്റു തുകയുടെ ബാക്കി വാങ്ങിയില്ല. മറ്റുചിലര്‍ 100, 500 തുകകള്‍ നല്‍കി ബസ് ജീവനക്കാരുടെ നല്ലമനസിനെ പ്രോത്‌സാഹിപ്പിച്ചു. ചങ്ങനാശേരി ഒന്നാം നമ്പര്‍ സ്റ്റാന്‍ഡ്, കറുകച്ചാല്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ മറ്റുബസുകള്‍ കേന്ദ്രീകരിച്ചും സംഭാവന സ്വീകരിച്ചു. ഒരു ബസുള്ള ഉടമ 500, രണ്ടു ബസുള്ള ഉടമ 1000, ജീവനക്കാര്‍ 200 വീതവും സഹായനിധിയിലേക്കു നല്‍കും.

വൈകുന്നേരം നാലിനു ചങ്ങനാശേരി ഒന്നാം നമ്പര്‍ സ്റ്റാന്‍ഡില്‍ ചേര്‍ന്ന പൊതുയോഗം ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ അധ്യക്ഷതവഹിച്ചു. റെസിഡന്റ്‌സ് അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റ് പ്രഫ. എ. ആനന്ദക്കുട്ടന്‍, നെടുംകുന്നം പഞ്ചായത്തംഗം രവി. വി. സോമന്‍, ടോണി പുളിക്കല്‍, കലേഷ് മാടപ്പള്ളി, വില്‍സണ്‍ മണിമല, വിനോദ് മുണ്ടത്താനം, ജോമോന്‍ മല്ലപ്പള്ളി, അപ്പുക്കുട്ടന്‍ കുളത്തൂര്‍മൂഴി, സുധീഷ് ചില്ലിക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്നു ലഭിക്കുന്ന ബസ് ഉടമകളുടെ വിഹിതംകൂടി കൂട്ടിയുള്ള തുക തിങ്കളാഴ്ച സഹായസമിതിയെ ഏല്‍പ്പിക്കുമെന്നു സ്റ്റാഫ് കണ്‍വീനേഴ്‌സ് അംഗങ്ങളായ ടോമി ആന്റണി, ലാലിച്ചന്‍ എന്നിവര്‍ അറിയിച്ചു. സഹായനിധി സമാഹരിക്കാന്‍ സര്‍വീസ് നടത്തിയ ബസുകളുടെ ഓട്ടം രാത്രി വൈകിയേ അവസാനിക്കുകയുള്ളുവെന്നതിനാല്‍ ലഭിച്ച തുക ഇന്നേ അറിയുവാന്‍ കഴിയൂ.

Related posts