ഷോപ്പിംഗ് കോംപ്ലക്‌സിലെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതായി പരാതി

knr-wasteതളിപ്പറമ്പ്: ഷോപ്പിംഗ് കോംപ്ലക്‌സിലെ മാലിന്യങ്ങള്‍ തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിയുന്നതായി നാട്ടുകാര്‍ നഗരസഭാ അധികൃതര്‍ക്ക് പരാതി നല്‍കി.  ദേശീയപാതയോരത്ത് അടുത്തിടെ ആരംഭിച്ച ഷോപ്പിംഗ് കോംപ്ലക്‌സിലെ കടകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് കോംപ്ലക്‌സിന് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് വലിച്ചെറിയുന്നത്. നിരവധി തവണ താക്കീത് നല്‍കിയിട്ടും പ്രയോജനമില്ലാത്തതിനെ തുടര്‍ന്ന് സ്ഥലമുടമയും തൊട്ടടുത്ത താമസക്കാരും ചേര്‍ന്ന് നഗരസഭാ അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കയാണ്.

വലിയ പോളിത്തീന്‍ കവറുകളിലാക്കി കോംപ്ലക്‌സിന്റെ മുകളിലെ നിലകളില്‍ നിന്ന് താഴേക്ക് മാലിന്യങ്ങള്‍ വലിച്ചറിയുകയാണെന്നാണ് പരാതി.കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ അഴുകി പ്രദേശത്ത് താമസക്കാര്‍ക്ക് ദുരിതാവസ്ഥ സൃഷ്ടിച്ചിരിക്കയാമെന്ന് പരാതിയില്‍ പറയുന്നു. ഭക്ഷണാവശിഷ്ടങ്ങളും ഇത്തരത്തില്‍ നിക്ഷേപിക്കപ്പെടുന്നതിനാല്‍ കാക്കകളും തെരുവുപട്ടികളുംഅവ തിന്നാനെത്തുന്നതും കിണറുകളില്‍ കൊത്തിയിടുന്നതും പൊതുജനങ്ങള്‍ക്ക് ഏറെ ദുരിതമായി മാറിയിട്ടുണ്ട്.  കോംപ്ലകസ് നിര്‍മിക്കുമ്പോള്‍ മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള  യാതൊരു വിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പരാതിയുണ്ട്.

Related posts