സംഭരിച്ച നെല്ലിനു പണം നല്‍കാന്‍ കഴിയാതെ സപ്ലൈകോ; കുടിശികയായിരിക്കുന്നത് 55 കോടി രൂപ

ktm-rupeesകോട്ടയം: കര്‍ഷകരുടെ പക്കല്‍ നിന്നും സംഭരിച്ച നെല്ലിനു പണം നല്‍കാന്‍ കഴിയാതെ സപ്ലൈക്കോ. അപ്പര്‍ കുട്ടനാട്ടില്‍ പുഞ്ചകൊയ്ത്ത് തുടരുമ്പോഴും ജില്ലയിലെ കര്‍ഷകര്‍ക്ക്  55 കോടി രൂപയാണ് നെല്ലിന് കുടിശികയായിരിക്കുന്നത്.  ബജറ്റ് വിഹിതം ലഭിക്കാത്തതിനാല്‍ പണം അനുവദിക്കുന്നത് കാനറാ ബാങ്കും നിര്‍ത്തിയതോടെ നെല്‍ കര്‍ഷകര്‍ ദുരിതത്തിലായി. കോട്ടയം, വൈക്കം, മീനച്ചില്‍, ചങ്ങനാശേരി താലൂക്കുകളില്‍നിന്ന് 4,11,000 മെട്രിക് ടണ്‍ നെല്ല് ഇതോടകം സപ്ലൈകോ സംഭരിച്ചു കഴിഞ്ഞു.  5600  കര്‍ഷകര്‍ക്കായി 32.36 കോടി രൂപയാണ് ഇതുവരെ വിതരണം ചെയ്തതെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.

ആര്‍പ്പൂക്കര, അയ്മനം എന്നിവിടങ്ങളില്‍നിന്നായി 300 മെട്രിക് ടണ്‍ നെല്ലുകൂടി സംഭരിക്കാനുണ്ട്. ആകെ  95 കോടി രൂപയുടെ നെല്ലാണ് സംഭരിക്കാനുള്ളത്. മുന്‍വര്‍ഷത്തെക്കാള്‍ ഇക്കൊല്ലം നെല്‍ ഉത്പാദനം മെച്ചമായിരുന്നു. വേനല്‍മഴ ശക്തമാകാത്തതിനാല്‍ ഇക്കൊല്ലം നെല്ല് പാടങ്ങളില്‍ നഷ്ടമാകാതെ പൂര്‍ണമായി കൊയ്‌തെടുക്കാനും കഴിഞ്ഞു.  മേയ് രണ്ടാം വാരം വരെ പുഞ്ചക്കൊയ്ത്ത് തുടരുമെന്നിരിക്കെ വേണ്ടിടത്തോളം തുക അനുവദിച്ചില്ലെങ്കില്‍ അടുത്ത കൃഷി വൈകുമെന്നതാണ് നിലവിലെ സാഹചര്യം. സംഭരിച്ച നെല്ലിന് അഞ്ചു ദിവസത്തിനുള്ളില്‍ പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നായിരുന്നു മുമ്പ് പ്രഖ്യാപനം. കിലോയ്ക്ക്  19 രൂപ നിരക്കിലായിരുന്നു സംഭരണം.

സംസ്ഥാന ബജറ്റില്‍ നെല്ല് സംഭരണത്തിനായി 300 കോടി രൂപ നീക്കിവെച്ചിരുന്നെങ്കിലും ധനവകുപ്പ് ഇത് സപ്ലൈകോയിലേക്ക് നല്‍കാത്തതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായതെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു. കുടിശിക  വന്നതോടെ സാമ്പത്തിക പ്രതിസന്ധിയിലായ കര്‍ഷകരെ ചൂഷണം ചെയ്യാന്‍ വില താഴ്ത്തി നെല്ല് എടുക്കാന്‍ മില്ലുകളുടെ ഏജന്‍റുമാരും സജീവമായി രംഗത്തുണ്ട്.  പെരുമ്പാവൂര്‍, കാലടി എന്നിവിടങ്ങളിലെ അരിമില്ലുകളുടെ  ഇടനിലക്കാരാണ് കര്‍ഷകരെ ചൂഷണം ചെയ്യുന്നത്. അതിനിടെ അപ്പര്‍ കുട്ടനാട്ടിലെ പോളശല്യം കൊയ്ത്തിനെ സാരമായി ബാധിച്ചു. പുത്തന്‍തോട് ഉള്‍പ്പെട ജലപാതകളില്‍ പോള തിങ്ങിനിറഞ്ഞിരിക്കുകയാണ്. റോഡ് ഗതാഗതം പരിമിതമായ പ്രദേശങ്ങളില്‍നിന്നും നെല്ല് വള്ളങ്ങളിലും ബോട്ടുകളിലും എത്തിക്കാന്‍ പറ്റാതെ കര്‍ഷകര്‍ ദുരിതത്തിലാണ്.

Related posts