സഖാക്കള്‍ക്ക് ‘അഭിമാനിക്കാം” ബംഗാളികള്‍ക്ക് പുറമേ ത്രിപുരക്കാരും കേരളത്തിലേക്ക്

FB-THRIPURAകളമശേരി: ജീവിത മാര്‍ഗം തേടി കേരളത്തിലേക്കെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ ത്രിപുര സ്വദേശികളുടെ എണ്ണവും വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം കളമശേരി പോലീസ് സ്‌റ്റേഷനില്‍  സംഘടിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ക്യാമ്പിലാണ് ത്രിപുരയില്‍ നിന്നും  സ്ത്രീകള്‍ അടക്കമുള്ളവര്‍ എത്തുന്നതായി കണ്ടെത്തിയത്. ബീഹാറികളും ബംഗാളികളും ഭൂരിപക്ഷം വരുന്ന മേഖലയിലേക്ക് ത്രിപുരയില്‍ നിന്ന് വനിതകള്‍ എത്തിയത് കൗതുകമായി. തിരിച്ചറിയല്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ ക്യാമ്പിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. ഒരു ദിവസം  നടന്ന ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാനായി  കളമശേരി മേഖലയിലെ മുന്നൂറോളം ഇതര സംസ്ഥാന തൊഴിലാളികള്‍ എത്തിച്ചേര്‍ന്നു. തിരിച്ചറിയല്‍ കാര്‍ഡ് വിതരണം മറ്റൊരു ദിവസം നടത്തും.

ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച്  ജോലി ചെയ്യിക്കുന്ന കരാറുകാരോട്  പോലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ്  തൊഴിലാളികളെ സ്‌റ്റേഷനില്‍  എത്തിച്ചത്. ആദ്യഘട്ട രജിസ്‌ട്രേഷനാണ്  ഇന്നലെ കഴിഞ്ഞത്. കൂടുതല്‍ തൊഴിലാളികള്‍ക്കായി മറ്റൊരു ദിവസം കൂടി ക്യാമ്പ് നടത്തുമെന്ന്  ബീറ്റ് ഓഫീസര്‍ കെ.ടി. മനോജ് കുമാര്‍ അറിയിച്ചു. ഇവരുടെ മേല്‍വിലാസം, വീടിനു സമീപത്തെ പോലീസ് സ്‌റ്റേഷന്‍, കേരളത്തിലെ സ്‌പോണ്‍സര്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെയും ആധാറിന്‍െറയും നമ്പര്‍, രക്ത ഗ്രൂപ്പ്, കേരളത്തില്‍ ജോലി ചെയ്യുന്ന മറ്റ് ബന്ധുക്കള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവയാണ് ശേഖരിച്ചത്.

തുടര്‍ന്ന് ശരീരത്തിലെ തിരിച്ചറിയല്‍ പാടുകളും, കൈവിരലുകളുടെ രേഖകളും ശേഖരിച്ചു.സ്ത്രീകളും രജിസ്റ്റര്‍ ചെയ്യാനായി  എത്തിയിരുന്നു. പോലീസിനെ ഭയന്ന് ഏതാനും കരാറുകാര്‍ തൊഴിലാളികളെ ജോലിസ്ഥലത്ത് നിന്ന് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഭാവിയില്‍ വീട്ടുജോലിക്ക് നില്‍ക്കുന്നവര്‍ക്കായും ഏലൂര്‍, കളമശേരി വ്യവസായ മേഖലയിലും  വിതരണ ക്യാമ്പ് സംഘടിപ്പിക്കും. കുറ്റകൃത്യങ്ങള്‍ ഇവര്‍ക്കിടയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണീ നീക്കം. നിരവധി കേസുകള്‍ക്ക് ആധാരമായും ഈ രേഖകള്‍ ഉപയോഗിക്കാനാകുമെന്ന സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

Related posts