സമയപരിധി ലംഘിച്ചു കലാപരിപാടി; ധര്‍മടത്തെ സംഗീത സന്ധ്യക്കെതിരേ കേസ്; നടന്‍ ജയറാം ഉള്‍പ്പെടെ സിനിമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത പരിപാടിക്കെതിരെയാണ് കേസ്

kalaതലശേരി: ധര്‍മടം നിയോജക മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സ്വരലയ ധര്‍മടം ചിറക്കുനിയില്‍ സംഘടിപ്പിച്ച കലാ സംഗീത സന്ധ്യക്കെതിരെ പോലീസ് കേസെടുത്തു. നടന്‍ ജയറാം ഉള്‍പ്പെടെ സിനിമ രംഗത്തെ പ്രമുഖരും ടി.പത്മനാഭന്‍ ഉള്‍പ്പെടെയുള്ള സാംസ്കാരീക നായകന്മാരും പങ്കെടുത്ത പരിപാടിക്കെതിരേയാണ് കേസെടുത്തത്. പോലീസ് അനുവദിച്ച സമയത്തിലും കൂടുതല്‍ നേരം പരിപാടി നടത്തിയതിനാണ് കേസ്. പരിപാടിയുടെ അവതാരകന്‍ ജയരാജ് വാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്.

രാത്രി പത്തുവരെയായിരുന്നു പരിപാടിക്ക് അനുമതി നല്‍കിയത്. എന്നാല്‍ 10.35 നാണ് പരിപാടി സമാപിച്ചത്. സമയം കഴിഞ്ഞും പരിപാടി തുടര്‍ന്നപ്പോള്‍ നിര്‍ത്തി വെക്കാന്‍ പോലീസ് സംഘാടകര്‍ക്കു നിര്‍ദേശം നല്‍കിയെങ്കിലും അനുസരിച്ചില്ല. ഇതിനിടെ സ്ഥലത്തെത്തിയ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ നടപടിയെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ടൗണ്‍ സിഐ പി.എം മനോജ്, ധര്‍മടം പ്രിന്‍സിപ്പല്‍ എസ്‌ഐ ടി.എന്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസെടുക്കുകയായിരുന്നു.

രാത്രിയില്‍ പെയ്ത കനത്ത മഴക്കിടയില്‍ പരിപാടിക്കുപയോഗിച്ച മൈക്ക് സെറ്റുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവ ഹാജരാക്കാന്‍ മൈക്ക് ഓപ്പറേറ്റര്‍ക്ക് പോലീസ് നോട്ടീസ് നല്‍കി. ഐപിസി 188,290, 291 റെഡ് വിത്ത് 34 ഐപിസി, സെക്ഷന്‍ 77(1)(സി),  121 കെപി ആക്ട് പ്രകാരം നിയമ വിരുദ്ധ പ്രവര്‍ത്തനത്തിനും പൊതുജന ശല്ല്യമുണ്ടാക്കിയതിനും, പൊതുഉദ്ദേശത്തോടെ നിയമ ലംഘനം നടത്തിയെന്ന കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്.

സാംസ്കാരീക കേരളം പിണറായിക്കൊപ്പം, സാരഥിക്കൊപ്പം സാംസ്കാരീക ഹൃദയം എന്നീ പേരുകളാണ് ഇന്നലെ കലാ സംഗീത സന്ധ്യ സംഘടിപ്പിച്ചത്. സാംസ്കാരീക സന്ധ്യ ടി. പത്മനാഭനായിരുന്നു ഉദ്ഘാടനം ചെയ്തത്. പി.കൃഷ്ണപ്പിള്ളയ്ക്കു് തൊട്ടുതാഴെ തന്റെ മനസില്‍ സൂക്ഷിക്കുന്ന ബിംബമാണ് പിണറായി വിജയനെന്ന് ടി. പത്മനാഭന്‍ പറഞ്ഞു. പിണറായി മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത് തന്നെയാണ് കേരളത്തിലെ ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നത്. മണ്ണിനെക്കുറിച്ചു മനുഷ്യനേക്കുറിച്ചുമുള്ള പിണറായിയുടെ പ്രസംഗമാണ് തന്റെ മണ്ണും മനുഷ്യനും എന്ന കഥക്ക് പ്രചോദനമായതെന്നും ടി.പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.

കലാ സന്ധ്യ നടന്‍ ജയറാം ഉദ്ഘാടനം ചെയ്തു.സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍,ഭാര്യ കമല, ലെനിന്‍ രാജേന്ദ്രന്‍, ടി.എ റസാഖ്, ഔസേപ്പച്ചന്‍, രമേശ് നാരായണന്‍, എം.ജയചന്ദ്രന്‍,കോട്ടയം നസീര്‍, പ്രഭാ വര്‍മ, മുരുകന്‍ കാട്ടക്കട, പി.കെ. മേദിനി, സി.ജെ. കുട്ടപ്പന്‍, സിത്താര, മധുശ്രീ നാരായണന്‍, തുടങ്ങി സാമൂഹ്യ സാസ്കാരിക കലാരംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. നാടന്‍ പാട്ടും ഗാനമേളയും മിമിക്‌സും അടങ്ങിയ പരിപാടി ആസ്വദിക്കാന്‍ നിരവധി പേരാണ് എത്തിയത്.

Related posts