വടകര: രാഷ്ട്രീയത്തോടൊപ്പം കവിതയിലും കഴിവ് തെളിയിച്ച കടമേരി ബാലകൃഷ്ണന്‍ സമ്പൂര്‍ണ ബാലരാമായണവുമായി അനുവാചകരിലേക്ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രചനയാരംഭിച്ച ബാലരാമായണത്തിന്റെ പ്രകാശനം നാളെ (ഞായര്‍) നടക്കും. മഹാകവി കുമാരനാശാന്‍ രചിച്ച ബാലരാമായണത്തില്‍ മൂന്നു കാണ്ഡങ്ങളാണുള്ളത്. ബാക്കി കാണ്ഡങ്ങള്‍ ആശാന്‍ എഴുതുകയുണ്ടായില്ല. ഇതിന്റെ ബാക്കി ഭാഗം രചിക്കണമെന്ന ആഗ്രഹം ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് മുമ്പേ ഉണ്ടായിരുന്നു. കിഷ്കിന്ധകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നിവ രണ്ട് മൂന്ന് വര്‍ഷം മുമ്പേ എഴുതി പൂര്‍ത്തിയാക്കി
. ഇക്കാര്യം ഒഎന്‍വി കുറുപ്പിനോട് പറഞ്ഞപ്പോള്‍ ആദ്യം മുതലേ എഴുതാന്‍ കവി നിര്‍ദേശിക്കുകയായിരുന്നു. സമ്പൂര്‍ണ ബാലരാമായണത്തിന് അവതാരിക എഴുതിയത് മഹാകവി അക്കിത്തമാണ്. ആലങ്കോട് ലീലാകൃഷ്ണന്റെ പഠനവുമുണ്ട്. 520 ശ്ലോകങ്ങളാണ് ഇതില്‍്. പുറമേരി കെ.ആര്‍. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ വായിക്കാന്‍ ലഭിച്ച പുസ്തകങ്ങളാണ് ബാലകൃഷ്ണന് സാഹിത്യരംഗത്തേക്ക് വഴിതുറന്നു കൊടുത്തത്.
പഠിക്കുന്ന കാലത്ത് തന്നെ കവിതകള്‍ എഴുതുമായിരുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട കടമേരി 36 വര്‍ഷം തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹൈസ്കൂളില്‍ അധ്യാപകനായിരുന്നു. കോഴിക്കോട് അധ്യാപക പരിശീലനകാലത്ത് നിരവധി എഴുത്തുകാരുമായി ബന്ധപ്പെടാന്‍ സാധിച്ചു. 1995 ലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. ഇതുവരെ രണ്ടു പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
നിളാതീരം, ചന്ദനമണി എന്നിവ. കെപിസിസി നിര്‍വാഹകസമിതി അംഗമായ ബാലകൃഷ്ണന്‍ രാഷ്ട്രീയത്തിരിക്കിനിടയിലും കവിതയെ കൈവിടാന്‍ തയ്യാറാകുന്നില്ലെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ബാലരാമായണം. കൊച്ചുകുട്ടികള്‍ക്ക് പോലും എളുപ്പത്തില്‍ ഗ്രഹിക്കാന്‍ പറ്റുന്ന തരത്തിലാണ് ബാലരാമായണത്തിന്റെ രചന. ഞായറാഴ്ച വടകര കേളുഏട്ടന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രകാശനച്ചടങ്ങില്‍ എം.പി.അബ്ദുള്‍ സമദ്‌സമദാനി, പി.കെ.ഗോപി, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.