സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുകളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിനീക്കണമെന്ന് ആവശ്യം ശക്തമായി

KTM-MARAMകടുത്തുരുത്തി: കടുത്തുരുത്തിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജനത്തിനും ഭീഷണിയായി സ്ഥിതിചെയ്യുന്നത് നിരവധി വന്മരങ്ങള്‍. ഇന്നലെ വില്ലേജ് ഓഫീസ് പരിസരത്ത് നിന്നിരുന്ന കൂറ്റന്‍ വാകമരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞു വീണതോടെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടി നീക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി.  മരം വീണത് ഞായറാഴ്ച്ചയായതിനാലാണ് വന്‍ദുരന്തം ഒഴിവായത്. മറ്റൊരു ദിവസമാണ് മരം വീണിരുന്നെതെങ്കില്‍ ആളപായം ഉള്‍പ്പെടെ വലിയ ദുരന്തം തന്നെ കടുത്തുരുത്തിക്ക് കാണേണ്ടി വരുമായിരുന്നു.

അപകടമുണ്ടായ ശേഷം നടപടിയെന്ന പതിവ് രീതി മാറി അപകടത്തിന് മുമ്പേ നടപടിയുണ്ടായില്ലെങ്കില്‍ വലിയ വിപത്താണ് കടുത്തുരുത്തിയെ കാത്തിരിക്കുന്നത്. പോലീസ് സ്റ്റേഷന്‍, കൃഷിഭവന്‍, സബ് ട്രഷറി ഓഫീസ് എന്നിവയുടെ പരിസരത്ത് നില്‍ക്കുന്ന വന്മരം ഏതുസമയത്തും കട പുഴകി വീണേക്കാവുന്ന സ്ഥിതിയിലാണ്. ഈ മരം മറിയുകയോ, ശിഖരങ്ങള്‍ ഒടിഞ്ഞു വീഴുകയോ ചെയ്താല്‍ വന്‍ദുരന്തം തന്നെ സംഭവിക്കും. മൂന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മുകളിലായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന അവസ്ഥയിലാണ് തണല്‍മരത്തിന്റെ നില്‍പ്. വന്മരത്തിന്റെ ഇലകളും കമ്പുമെല്ലാം വീണു സര്‍ക്കാര്‍  ഓഫീസുകളുടെ വാര്‍ക്കയില്‍ അടിഞ്ഞു കൂടി വെള്ളം കെട്ടികിടക്കുന്ന് കെട്ടിടങ്ങളുടെ ചോര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.

പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിലിട്ടിരിക്കുന്ന ഷീറ്റിന് മുകളില്‍ മരകമ്പുകള്‍ വീണു സ്റ്റേഷന്‍ ചോര്‍ന്നൊ ലിക്കുകയാണ്. കൃഷിഭവന്റെ വാര്‍ക്കയുടെയും ഷീറ്റിന്റെയും മുകളിലുമായി മാലിന്യം അടിഞ്ഞ് കൂടിയ ഭാഗത്ത് പുല്ലുകളും മറ്റും കിളിര്‍ത്ത് നില്‍ക്കുകയാണ്. മരത്തിന്റെ വേരുകള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിങ്ങളുടെ അടിയിലേക്കാണ് പടര്‍ന്ന് വ്യാപിച്ചിരിക്കുന്നത്. ഇതു കെട്ടിടങ്ങളുടെ ബലക്ഷയത്തിനും കാരണമായേക്കും. പലതവണ മരത്തിന്റെ ഉണക്ക കമ്പുകള്‍ ഒടിഞ്ഞു വീണ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പോലീസ് സ്റ്റേഷന് പുറകില്‍ സൂക്ഷിച്ചിരിക്കുന്ന കേസില്‍പെട്ടിരിക്കുന്ന ബൈക്കുകള്‍ക്ക് മുകളിലേക്ക് മരകമ്പ് വീണു ബൈക്ക് തകര്‍ന്നിരുന്നു.

ഭീഷിണിയായി നില്‍ക്കുന്ന തണല്‍മരം വെട്ടി നീക്കാന്‍ പലതവണ ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നെങ്കിലും ലേലത്തില്‍ പങ്കെടുക്കാന്‍ ആരും തയാറായിരുന്നില്ല. മരത്തിന് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്ന തുകയുടെ വലിപ്പമാണ് മരം ലേലത്തിലെടുക്കാന്‍ ആളുകള്‍ തയാറാവാത്തതിന് കാരണം. ഈ തുകയ്ക്ക് മരം വാങ്ങിയാല്‍ വെട്ടുകൂലിയും കഴിഞ്ഞാല്‍ കച്ചവടം നഷ്ടമാകൂമെന്നാണ്  കച്ചവടക്കാര്‍ പറയുന്നത്. മരം വെട്ടിയെടുക്കുന്നതിലുണ്ടാകുന്ന ഭീമമായ ചിലവും റിസ്ക്കും ലേലം പിടിക്കുന്നതില്‍ നിന്നും കച്ചവടക്കാരെ അകറ്റുകയാണ്. കെട്ടിടങ്ങള്‍ക്ക് ഇടയില്‍ നില്‍ക്കുന്ന മരം വെട്ടി നീക്കണമെങ്കില്‍ പണിക്കൂലിയായി ഭീമമായ തുക ചിലവാകും.

കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടാകാതിരിക്കണമെങ്കില്‍ ഓരോ കമ്പും വെട്ടി കയറിന് കെട്ടിയിറക്കേണ്ടി വരും. മരത്തിന്റെ വിലയെക്കാള്‍ കൂടുതല്‍ തുക പണിക്കൂലിയായി നല്‍കേണ്ടി വരും. ദ്രവിച്ചു അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരത്തിന്റെ ശിഖരങ്ങള്‍ ഏതുസമയവും താഴേക്കു വീണേക്കുമെന്ന അവസ്ഥയിലാണ്. ഈ മരം കൂടാതെയാണ് ഇന്നലെ   ഒടിഞ്ഞുവീണ മരത്തിന്റെ ശേഷിക്കുന്ന ഭാഗവും സമീപത്ത് തന്നെ നില്‍ക്കുന്ന മറ്റു മരങ്ങളും ഉയര്‍ത്തുന്ന അപകട ഭീഷണി.

Related posts